മാരത്തണ്‍ വീഥികളില്‍ വിമുക്തഭടന്റെ മെഡല്‍വേട്ട
കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറ ചെന്നലോട് വലിയനിരപ്പില്‍ മാത്യുവിനു പ്രായം 66. സമപ്രായത്തിലുള്ള പലരും പ്രഷര്‍, ഷുഗര്‍ മുതലായവയോടു പൊരുതിയും കിതച്ചും ചുമച്ചും വീട്ടിലിരിപ്പാണ്. എന്നാല്‍ വെറ്ററന്‍സ് മാരത്തണ്‍ മത്സരങ്ങളില്‍ മെഡല്‍വേട്ട നടത്തുകയാണ് മാത്യു. എറ്റവും ഒടുവില്‍ നവംബര്‍ 25നു ഹൈദരാബാദില്‍ നടന്ന 10 കിലോമീറ്റര്‍ മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യു വിളയിച്ചതു സ്വര്‍ണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെറ്ററന്‍ മാരത്തണ്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഇനങ്ങളില്‍ 19 മത്സരങ്ങളിലാണ് മാത്യു പങ്കെടുത്തത്. ഇതില്‍ ഹൈദരാബാദിലേതിനു പുറമേ കൊലാപ്പൂര്‍ മാരത്തണ്‍ (21 കിലോമീറ്റര്‍), ഗോവ മാരത്തണ്‍ (10 കി.മി), കൊച്ചി- പെരുമ്പാവൂര്‍ മാരത്തണ്‍ (21 കി.മി)എന്നിവയില്‍ ഒന്നാമനായിരുന്നു മാത്യു. 21 കിലോമീറ്റര്‍ ഉള്ള ഡല്‍ഹി മാരത്തണില്‍ വെങ്കലം നേടിയ ഇദ്ദേഹം അത്രയും തന്നെ ദൂരമുള്ള ബംഗളൂരു മാരത്തണില്‍ ഏഴാമനായും ഫിനിഷ് ചെയ്തു. ഡിസംബര്‍ ഒന്‍പതിനുള്ള പൂനെ മാരത്തണ്‍, ജനുവരിയിലെ മുംബൈ മാരത്തണ്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലുമാണ്.
ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മാത്യു. കോട്ടയം ജില്ലയിലെ പാലായില്‍നിന്നു വയനാട്ടില്‍ കുടിയേറിയതാണ് വലിയനിരപ്പില്‍ കുടുംബം. 21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നു സുബേദാറായാണ് വിരമിച്ചത്. കൃഷിയും കാര്യങ്ങളുമായി കൂടുന്നതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013, 2014, 2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. പിന്നീടാണ് ബോഡി ബില്‍ഡിങ് വിട്ട് ദീര്‍ഘദൂര ഓട്ടക്കാരനായത്.
വിദ്യാര്‍ഥിയായിരിക്കെ മാത്യുവിനു സ്‌പോര്‍ട്‌സില്‍ കമ്പം ഉണ്ടായിരുന്നില്ല. പട്ടാളത്തിലായിരുന്നപ്പോള്‍ റെജിമെന്റ് തലത്തില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഇതാണ് രണ്ടു വര്‍ഷം മുന്‍പ് ദീര്‍ഘദൂര ഓട്ടക്കാരനാകുന്നതില്‍ പ്രചോദനമായത്.
പരിശീലനം തുടങ്ങിയ മാത്യു ജീവിതക്രമത്തിലും കാതലായ മാറ്റം വരുത്തി. അരിയാഹാരം പരമാവധി കുറച്ചു. കാപ്പിയും ചായയും ഒഴിവാക്കി. പഴവര്‍ങ്ങളും വെള്ളവും കൂടുതല്‍ കഴിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരഭാരം 18 കിലോ കുറഞ്ഞു. തുടര്‍ന്നാണ് മാരത്തണ്‍ മത്സരങ്ങളില്‍ സജീവമായത്.
ആഴ്ചയില്‍ രണ്ടു ദിവസമാണ് മാത്യുവിന്റെ പരിശീലനം. വീട്ടില്‍നിന്നു ചെന്നലോട്, പടിഞ്ഞാറത്തറ, തരുവണ വഴി ദ്വാരകയിലേക്കും തിരിച്ചും 20 കിലോമീറ്ററിലധികമാണ് പരിശീലന ഓട്ടം. ചിലപ്പോള്‍ റൂട്ട് മാറിയും ഓടും. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."