ചിത്രയെ പുറത്താക്കിയ നടപടി :ഫെഡറേഷന് തുറന്ന മറുപടി നല്‍കി അത്‌ലറ്റിക് അസോസിയേഷന്‍
തിരുവനന്തപുരം: പി.യു ചിത്രയെ ലണ്ടന്‍ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കിയ തുറന്ന കത്തിന് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ മറുപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം കത്തിന് മറുപടി അയക്കാന്‍ തീരുമാനിച്ചിരുന്നു.
ഫെഡറേഷന്റെ വാദങ്ങള്‍ അക്കമിട്ടു നിരത്തി തെറ്റാണെന്ന് സ്ഥാപിക്കുന്ന അസോസിയേഷന്‍ പി.യു ചിത്രക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് മറുപടി കത്തില്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ അതേ വികാരം അത്‌ലറ്റിക്‌സിനെ സ്‌നേഹിക്കുന്നവരും പങ്കുവയ്ക്കുന്നുണ്ട്. ടീമില്‍ നിന്ന് തഴയപ്പെട്ട സുധ സിങിന്റെയും അജയ് കുമാര്‍ സരോജിന്റെയും കാര്യത്തില്‍ സമാനമായത് തന്നെയാണ് സംഭവിച്ചത്. ഇത്തരം വിവേചനങ്ങള്‍ ഒളിംപിക് മെഡല്‍ സ്വപ്‌നം കാണുന്ന താരങ്ങളുടെ അത്‌ലറ്റിക്‌സിനോടുള്ള അഭിനിവേശത്തെയും ധാര്‍മികതയെയും ബാധിക്കും.
ലോക ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം. നിലവിലെ സെലക്ഷന്‍ കമ്മിറ്റിയെ കുറിച്ച് അസോസിയേഷന് വിശ്വാസക്കുറവില്ല. ഏഷ്യന്‍ മീറ്റിലെ മെഡല്‍ ജേതാക്കളെല്ലാം ഗുണ്ടൂരില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന് ഫെഡറേഷന്‍ നിര്‍ദേശിച്ചു. ഇത് പാലിച്ചില്ലെന്ന് പറഞ്ഞാണ് സുധ സിങിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
എന്നാല്‍ ജിസ്‌ന മാത്യു, പൂവമ്മ, ആരോക്യ രാജീവ് എന്നിവര്‍ ഉള്‍പ്പടെ നിലവിലെ ടീമിലുള്ള ഏഴ് താരങ്ങള്‍ ഗുണ്ടൂരിലെ മീറ്റില്‍ പങ്കെടുത്തില്ല. ഗുണ്ടൂരില്‍ ലോങ് ജംപില്‍ മത്സരിച്ച സ്വപ്‌ന ബര്‍മന് ഹെപ്റ്റാത്ത്‌ലണിലാണ് ലോക മീറ്റിന് എന്‍ട്രി നല്‍കിയത്. മാത്രമല്ല, ചിത്രയെ ഒഴിവാക്കനുള്ള കാരണമായി ഫെഡറേഷന്‍ പറയുന്നത് ഏഷ്യന്‍ മീറ്റിനേക്കാള്‍ മോശം പ്രകടനമാണ് ഗുണ്ടൂരിലേത് എന്നാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ഗുണ്ടൂര്‍ മീറ്റ്. സ്വഭാവികമായും അത്‌ലറ്റുകളുടെ പ്രകടനത്തില്‍ മാറ്റമുണ്ടാകും.
ഗുണ്ടൂര്‍ മീറ്റില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന ഫെഡറേഷന്‍ നിര്‍ദേശം പിന്തുര്‍ന്നാണ് ചിത്ര പങ്കെടുത്തത്. പക്ഷേ സ്വപ്‌ന ബര്‍മന് നല്‍കിയ പരിഗണന ഫെഡറേഷന്‍ ചിത്രക്ക് നല്‍കിയില്ല. റിലേ ടീം തിരഞ്ഞെടുപ്പില്‍ മുന്‍ മീറ്റിലെ പ്രകടനം മാനദണ്ഡമാക്കിയപ്പോള്‍ ചിത്രയുടെ കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ മീറ്റിലെ പ്രകടനമാണ് മാനദണ്ഡമായതില്‍ വൈരുധ്യമുണ്ടെന്നും അസോസിയേഷന്‍ മറുപടിയില്‍ പറയുന്നു.
കോടതി വിധി സ്വാഗതാര്‍ഹം: കായിക മന്ത്രി
തിരുവനന്തപുരം: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണം എന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കായിക മന്ത്രി എ.സി മൊയ്തിന്‍.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും കായിക കേരളത്തിന്റെയും നിലപാടുകള്‍ ശരിയാണ് എന്ന് തെളിഞ്ഞു. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറും ദേശീയ അത്‌ലറ്റിക് ഫെഡറേഷനും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധിയില്‍
ചിത്രയ്ക്ക് സന്തോഷം
തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പി.യു ചിത്ര. പ്രതീക്ഷിക്കാത്ത പിന്തുണയാണ് കേരളം നല്‍കിയത്. എല്ലാവരുടെയും അനുഗ്രഹം ലഭിച്ചതില്‍ സന്തോഷമുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ ഇനി പങ്കെടുപ്പിക്കുമോ ഇല്ലയോ എന്നതല്ല കാര്യം. എല്ലാവരും സഹായിച്ചു എന്നത് വളരേയെറെ സന്തോഷം നല്‍കുന്നതാണെന്ന് ചിത്ര പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ അച്ഛനും അമ്മയും വിളിച്ചു. അവരും സന്തോഷത്തിലാണ്. ഊട്ടിയില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും ചിത്ര പറഞ്ഞു.
ചിത്ര ലണ്ടനില്‍ എത്തില്ലെന്ന് സി.കെ വത്സന്‍
തിരുവനന്തപുരം: ഹൈക്കോടതി വിധി അനുകൂലമെങ്കിലും പി.യു ചിത്രയെ ലോക ചാംപ്യന്‍ഷിപ്പിന് അയക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ വത്സന്‍. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന് ലോക ചാംപ്യന്‍ഷിപ്പിനുള്ള ടീം പട്ടിക നല്‍കേണ്ട അവസാന തിയതി കഴിഞ്ഞ 24ന് ആയിരുന്നു. പട്ടിക കൃത്യസമയത്ത് തന്നെ നല്‍കി. ഇനി മറ്റൊരു താരത്തെ എന്തിന്റെ പേരിലായലും ഉള്‍പ്പെടുത്തുക അസാധ്യമാണ്. ഹൈക്കോടതി വിധി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വേണമെങ്കില്‍ ഒരു കത്ത് എ.എഫ്.ഐക്ക് രാജ്യാന്തര ഫെഡറേഷന് നല്‍കാം. അതിന് മാത്രമേ ഇനി കഴിയു. കത്ത് നല്‍കിയത് കൊണ്ട് ചിത്രയ്ക്ക് പങ്കെടുക്കാനുള്ള അവസരം കിട്ടുമെന്നു കരുതാനാകില്ല. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് ഫെഡറേഷന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യാന്തര ഫെഡറേഷന്‍ സമ്മതിച്ചാല്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ട്രാക്കില്‍ ഇറങ്ങാമെന്നും സി.കെ വത്സന്‍ വ്യക്തമാക്കി.
എന്നാല്‍, 20ന് തീരുമാനം എടുത്ത ടീം പട്ടിക പുറത്തുവിടാന്‍ വൈകിയത് സംബന്ധിച്ച പ്രതികരണത്തിന് ഇതുവരെ സെക്രട്ടറി ജനറലോ മറ്റ് ഭാരവാഹികളോ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."