കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി: മദ്‌റസാ വിദ്യാര്‍ഥികളിലൂടെ വിഭവ സമാഹരണം നടത്തും
മലപ്പുറം: ജില്ലാ പഞ്ചായത്ത് സംരംഭമായ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നിര്‍ത്തിവച്ച സഹായ വിതരണങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് വേണ്ടി ജില്ലയിലെ മദ്‌റസകളും പള്ളികളും മറ്റ് ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് കൊണ്ട് ജനകീയ വിഭവ സമാഹരണം നടത്താന്‍ മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. മദ്‌റസകളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളിലൂടെ സംഭാവന സമാഹരിക്കും. ഓഗസ്റ്റ് അവസാന വെള്ളിയാഴ്ച മുസ്‌ലിം പള്ളികളില്‍ ഉദ്‌ബോധനവും ജുമുഅക്ക് ശേഷം ബക്കറ്റ് കലക്ഷനും നടത്തും. ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ഞായറാഴ്ച ഈ കാര്യങ്ങള്‍ വിശദീകരിച്ച് സംഭാവന സമാഹരിക്കും. ക്ഷേത്ര കമ്മിറ്റികളുമായി ബന്ധപ്പെട്ട് അവരുടെ സംഭാവനകളും ശേഖരിക്കും. സംസ്ഥാനത്തിനും രാജ്യത്തിനൊന്നാകെയും മാതൃകയായ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് വളരെ ആശ്വാസകരമായ ഈ സംരംഭത്തില്‍ നിന്ന് ജില്ലാ പഞ്ചായത്ത് ഒരിക്കലും പുറകോട്ട് പോവരുതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. എല്ലാ സംഘടനകളും പൂര്‍ണ പിന്തുണ അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ നടന്ന മതസംഘടനാ-ആരാധനായലയ ഭാരവാഹികളുടെ യോഗത്തില്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ അബു തറയില്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, അംഗം ഒ.ടി ജയിംസ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശമീര്‍ ഫൈസി ഒടമല (സുന്നി യുവജന സംഘം), ശിവരാമന്‍ വെള്ളൂര്‍ (ക്ഷേത്ര സംരക്ഷണ സമിതി), സ്വാദിഖലി ഫൈസി, കെ.ടി ഹുസൈന്‍ കുട്ടി മൗലവി (സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), എ.കെ സദറുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി), എ.കെ അബ്ദുല്‍ കരീം, പി ഫൈസല്‍ (എം.ഐ.പി), പി.പി അബൂബക്കര്‍ (പാലിയേറ്റീവ്), പി.അബു മദനി മരുത, എം.ടി മനാഫ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ പുളിക്കല്‍ (കെ.എന്‍.എം), ഫാദര്‍ കെ.എം ജോസഫ് (സെന്റ് ജോസഫ് ഫെറോന ദേവാലയം), സി ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."