ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള ചൈനീസ് ഭരണകൂട ഭീകരത പുറത്ത്: ചോര്‍ന്ന സര്‍ക്കാര്‍ രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ബെയ്ജിങ്: സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന സര്‍ക്കാര്‍ രേഖകള്‍ ചോര്‍ന്നു. യു.എന്‍ കണക്കനുസരിച്ച് 10 ലക്ഷം ഉയിഗൂര്‍ മുസ്‌ലിംകളാണ് സിന്‍ജിയാങ്ങിലെ തടവുകേന്ദ്രങ്ങളില്‍ കഴിയുന്നത്.
സിന്‍ജിയാങ്ങിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിഘടനവാദത്തോടും തീവ്രവാദത്തോടും യാതൊരു ദയയും കാണിക്കേണ്ടെന്ന് പറഞ്ഞതായി ചൈനയിലെ രാഷ്ട്രീയ വിഭാഗത്തിലെ ഒരംഗം പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട രേഖകളിലുണ്ട്. 403 പേജുള്ള ആഭ്യന്തര രേഖകളാണ് പത്രത്തിനു ചോര്‍ന്നുകിട്ടിയത്.
സിന്‍ജിയാങ്ങിനെ മറ്റൊരു ചെച്‌നിയയാവാന്‍ അനുവദിക്കരുതെന്ന് ഉത്തരവിലുണ്ട്. ഉയിഗൂര്‍ മുസ്‌ലിംകളെ നിരീക്ഷിക്കേണ്ടതിനെ കുറിച്ചും അവരുടെ ജനസംഖ്യ നിയന്ത്രിക്കേണ്ടതിനെ കുറിച്ചും പ്രസിഡന്റ് ഷി ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്.
2016ല്‍ ചെന്‍ ക്വാന്‍ഗോയെ സിന്‍ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി നിയമിച്ചതോടെയാണ് പ്രദേശത്ത് തൊഴില്‍ വിദ്യാലയങ്ങളെന്ന പേരില്‍ തടവുകേന്ദ്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്. നേരത്തെ ടിബറ്റില്‍ അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കിയയാളാണ് ചെന്‍.
ക്യാംപുകളില്‍ തടവിലായ കുടുംബാംഗങ്ങളെ കാണാനായി സിന്‍ജിയാങ്ങിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എന്തു മറുപടിയാണ് കൊടുക്കേണ്ടതെന്ന് ചോര്‍ന്ന രേഖകളിലുണ്ട്. തീവ്രവാദചിന്തയെന്ന വൈറസ് ബാധിച്ചവരെ നന്നാക്കിയെടുക്കുകയാണെന്നാണ് ഇവരോടു പറയേണ്ടതെന്നും പാര്‍ട്ടി ഉത്തരവ് അനുസരിക്കാതിരുന്നതിന് വാങ് യോങ്‌ഴി എന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ച കാര്യവും രേഖകളിലുണ്ട്. സിന്‍ജിയാങ്ങിലെ ക്യാംപില്‍ നിന്ന് 7000ത്തിലേറെ പേരെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ എതിര്‍ക്കുന്ന നിരവധിപേര്‍ അതിനുള്ളിലുണ്ടെന്നതിന്റെ തെളിവാണ് രേഖകള്‍ ചോര്‍ന്നതെന്ന് പത്രം പറയുന്നു. പ്രാദേശികമായി ഉദ്യോഗസ്ഥര്‍ക്കു നേരെ ചെറുത്തുനില്‍പ്പുകളുയര്‍ന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."