വികസനത്തിലേക്ക് കുതിച്ചുയര്‍ന്ന് കീഴല്ലൂര്‍
കണ്ണൂര്‍: കാത്തിരുന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് കീഴല്ലൂര്‍ പഞ്ചായത്ത്. മട്ടന്നൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി തയാറെടുക്കുമ്പോള്‍ വിമാനത്താവളം നിലനില്‍ക്കുന്ന കീഴല്ലൂര്‍ പഞ്ചായത്തും വികസനത്തിന്റെ നെറുകയിലെത്തുകയാണ്. മട്ടന്നൂര്‍ ടൗണിനടുത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെങ്കിലും വിമാനത്താവളം നിലനില്‍ക്കുന്ന 96 ശതമാനം ഭൂമിയും കീഴല്ലൂര്‍ പഞ്ചായത്തിലാണ്.
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തില്‍ ഒട്ടനവധി തൊഴിലവസരങ്ങളാണ് തുറക്കപ്പെടുക. നികുതി വരുമാനത്തില്‍ 100 ശതമാനം വര്‍ധനയും പഞ്ചായത്ത് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ നിര്‍മാണ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നത്. നിലവില്‍ പഞ്ചായത്തിനുള്ളില്‍ തന്നെ 400ഓളം കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
ഇതില്‍ പാര്‍പ്പിട കെട്ടിടത്തിനുള്ള അപേക്ഷയാണ് കൂടുതലായും ലഭിക്കുന്നത്. അതേസമയം, അംഗീകാരം ലഭിച്ച പുതിയ കെട്ടിടങ്ങളുടെ 50 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിലൂടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയണ് ഉണ്ടാവുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജന്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് പഞ്ചായത്തില്‍ താമസിക്കാനൊരുങ്ങുന്നത്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന, വാസയോഗ്യമായ വീടുകള്‍ കണ്ടെത്തി നല്‍കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍. 100 വീടുകള്‍ കണ്ടെത്തി 60 ശതമാനം വീടുകളും വാടകയ്ക്കായി കൈമാറ്റം ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള രണ്ടു മാളുകളും പ്രവര്‍ത്തനം തുടങ്ങി. കിന്‍ഫ്രയുടെ അധീനതയില്‍ രണ്ടു വ്യാവസായ പാര്‍ക്കുകളും കീഴല്ലൂരിലും സമീപ പഞ്ചായത്തുകളിലുമായി നിര്‍മിക്കുന്നുണ്ട്. വനിതാ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന പൂര്‍ണമായും വൈദ്യുതീകരിച്ച ഇലക്ട്രിക് ഓട്ടോയുടെ സേവനവും വിമാനത്താവള പരിസരങ്ങളില്‍ സജ്ജീകരിക്കുന്നുണ്ടെന്നും പഞ്ചായത്ത് ഉറപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."