കുമ്പളങ്ങിയില്‍ വില്ലേജ് ഓഫിസറില്ലാതായിട്ട് രണ്ടാഴ്ച; ദുരിതംപേറി പൊതുജനം
മട്ടാഞ്ചേരി: തീരപ്രദേശം കൂടി ഉള്‍പ്പെടുന്ന കുമ്പളങ്ങി വില്ലേജ് ഓഫിസില്‍ ഓഫിസറില്ലാതിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനം ഇതുമൂലം വലയുകയാണ്. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫിസറെ കൊച്ചി ആര്.ആര്.
ഓഫിസിലേക്ക് മാറ്റുകയും ലാന്റ് ട്രൈബ്യൂണലില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ ഇവിടെ വില്ലേജ് ഓഫിസറായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് മാറ്റപ്പെട്ട ഉദ്യോഗസ്ഥന് അവിടെ രണ്ട് മാസത്തേക്ക് വര്‍ക്കിങ് അറേജ്മെന്റില്‍ നിയമിക്കപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് കുമ്പളങ്ങിയില്‍ ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ലാന്റ് ട്രൈബ്യൂണലില്‍ പുതിയ ഉദ്യോഗസ്ഥന് ചാര്‍ജെടുക്കുകയും ചെയ്തു. കുമ്പളങ്ങിയില്‍ നിന്ന് മാറ്റപ്പെട്ട വില്ലേജ് ഓഫിസര്‍ക്ക് തന്നെ ഇവിടെ താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അവര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പള്ളുരുത്തി വില്ലേജ് ഓഫിസര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
രണ്ട് വില്ലേജ് ഓഫിസിന്റെ ചുമതലയും ഒരുമിച്ച് കൊണ്ട് പോകുന്നതിനാല്‍ രണ്ടിടത്തുമുള്ള ജനം ദുരിതത്തിലാകുന്ന അവസ്ഥയാണ്. അടിയന്തിരമായി കുമ്പളങ്ങിയില്‍ വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."