'വിശ്വം' കീഴടക്കി 'സൂര്യന്‍'
സ്‌പോര്‍ട്‌സ് ലേഖകന്‍
മാങ്ങാട്ടുപറമ്പ്: ഹര്‍ഡില്‍സിന് മീതേ അതിവേഗത്തില്‍ ചിറകടിച്ചു പറന്ന സഹോദരങ്ങളുടെ കരുത്തില്‍ പാലക്കാടിന് പൊന്നിന്‍ തിളക്കം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂര്യജിത്തും ജൂനിയറില്‍ വിശ്വജിത്തുമാണ് ഒളിംപിക് അക്കാദമിയുടെ പെരുമ വാനോളമുയര്‍ത്തി സ്വര്‍ണക്കൊയ്ത്ത് നടത്തിയത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആര്‍.കെ സൂര്യജിത് 14.8 സെക്കന്‍ഡിലാണ് തന്റെ രണ്ടണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. വെള്ളി കാസര്‍കോട് സെന്‍ട്രലൈസിഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ഡീന്‍ ഹര്‍മീസ് ബിജുവും (14.34) വെങ്കലം ബി.ഇ.എം.എച്ച്.എസ്.എസിലെ ഫസില്‍ ഫറൂഖ് അഹമ്മദും (14.37) നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആന്‍ റോസ് ടോമി 15.12 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ആലപ്പുഴ ചരമംഗലം സ്‌കൂളിലെ മഹിതാമോള്‍ 15.65 സെക്കന്‍ഡില്‍ വെള്ളിയും മലപ്പുറം ചേലേമ്പ്ര സ്‌കൂളിലെ ആര്‍. ശ്രീലക്ഷ്മി (16.45) വെങ്കലവും സ്വന്തമാക്കി.ജൂനിയര്‍ ആണ്‍കുട്ടികളില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസിലെ ആര്‍.കെ വിശ്വജിത് 14.87 സെക്കന്‍ഡിലാണ് സ്വര്‍ണക്കുതിപ്പ് നടത്തിയത്. സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സൂര്യജിത്തിന്റെ സഹോദരനാണ് വിശ്വജിത്. മലപ്പുറം താനൂര്‍ സ്‌കൂളിലെ മുഹമ്മദ് ഹനാന്‍ (14.87) വെള്ളിയും തൃശൂര്‍ മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പി.എ ഋഷികേശ് (15.66) വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സായിയുടെ നയനാ ജോസ് 15.14 സെക്കന്‍ഡില്‍ പൊന്ന് സ്വന്തമാക്കി. കോട്ടയം സ്‌പോര്‍ട്‌സ് അക്കാദമിയിലെ അലീന വര്‍ഗീസ് (15.31) വെള്ളിയും കണ്ണൂര്‍ ജി.വി.എച്ച്.എസിലെ ആര്‍ ആദിത്യ (15.54) വെങ്കലവും സ്വന്തമാക്കി.
ട്രിപ്പിള്‍ വാങ് മയൂം
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തിയ വാങ് മയൂം മുഖറം മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തിനുടമയായി. 11.22 സെക്കന്‍ഡിലായിരുന്നു വാങ് മയൂമിന്റെ സ്വര്‍ണക്കുതിപ്പ്.
100 മീറ്ററിലും ലോങ്ജംപിലും വാങ് മയൂം നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വയനാട് കാട്ടിക്കുളം സ്‌കൂളിലെ എ.ബി വിമല്‍ (11.46) വെള്ളിയും ഇതേ സ്‌കൂളിലെ തന്നെ പി.എസ് രമേശ് (12.11) വെങ്കലവും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ സ്വര്‍ണവും വെള്ളിയും കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് അക്കാദമിയിലെ മെല്‍ബാ മേരി സാബുവും ആന്‍ഡ്രീസാ മാത്യുവും സ്വന്തമാക്കി. 13.21 സെക്കന്‍ഡിലായിരുന്നു മെല്‍ബയുടെ സ്വര്‍ണക്കുതിപ്പ്. ആന്‍ഡ്രീസാ മാത്യു 13.27 സെക്കന്‍ഡിലാണ് വെള്ളി നേടിയത്. എറണാകുളം കോതമംഗലം മാര്‍ബേസിലിലെ ജീന ബാസിലിനാണ് (13.55) വെങ്കലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."