ഫാത്തിമയുടെ മരണം മാറിയ ഇന്ത്യയുടെ പരിച്ഛേദം
ഈ വര്‍ഷത്തെ ഐ.ഐ.ടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടെ പ്രവേശനം നേടിയ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം പഠനസമ്മര്‍ദത്തിന്റെ ഫലമായും ഉണ്ടാകാമെന്ന പ്രചാരണം സവര്‍ണയുക്തിയായി മാത്രം ഗണിച്ചാല്‍മതി. എന്നാല്‍ പഠന ഭാരത്താലും അതിന്റെ സമ്മര്‍ദത്താലും മരണത്തില്‍ അഭയംതേടുന്ന വിദ്യാര്‍ഥികളും ഇല്ലാതില്ല. ഫാത്തിമ ലത്തീഫിന്റെ മരണം അത്തരമൊരു യുക്തിയില്‍ കെട്ടിക്കൂട്ടുന്നത് ചരിത്രബോധമില്ലായ്മയുടെയും വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥ പഠിക്കാതെ പോകുന്നതിന്റെയും പോരായ്മയായിരിക്കും.
സാമ്പത്തികഭദ്രയില്ലാത്തവരും സംവരണത്തിലൂടെ വരുന്നവരുമായ വിദ്യാര്‍ഥികള്‍ ഐ.ഐ.ടി പോലുള്ള പഠനകേന്ദ്രങ്ങളില്‍ ജാതീയമായ വേര്‍തിരിവും അവഗണനയും നേരിടുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ചെന്നൈ ഐ.ഐ.ടി പ്രൊഫസറായിരുന്ന വസന്തകന്തസാമി ഈ സത്യത്തെ അരക്കിട്ടുറപ്പിക്കുന്നുണ്ട് ഇന്നലത്തെ അവരുടെ പ്രസ്താവനയിലൂടെ. ചെന്നൈ ഐ.ഐ.ടി സവര്‍ണ ഫാസിസത്തിന്റെ ജാതിക്കോട്ടയാണെന്ന് അവര്‍ തുറന്നടിച്ചത് തന്നെമതി ഫാത്തിമയുടെ മരണത്തിന്റെ ചുരുളഴിക്കാന്‍. ജാതീയമായ വേര്‍തിരിവ് അധ്യാപകരില്‍ നിന്നുതന്നെ നേരിടേണ്ടിവരുമ്പോള്‍ എത്ര പ്രതിഭാസമ്പന്നരായ വിദ്യാര്‍ഥികളാണെങ്കില്‍പോലും ഒരു ദുര്‍ബല നിമിഷത്തില്‍ മരണത്തെ തേടിപ്പോകും. കാംപസുകളില്‍ ഒറ്റപ്പെട്ട തുരുത്തുകളായി കഴിയുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരംതന്നെ.
പ്ലസ്ടു കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ പെട്ടെന്ന് അതിവിപുലമായ പഠനത്തിന്റെ പാരാവാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാനസിക സമ്മര്‍ദമുണ്ടാകുക സ്വാഭാവികം. അത്തരം കുട്ടികളെ കണ്ടെത്തി കൗണ്‍സലിങ് നല്‍കുന്ന പതിവ് ചെന്നൈ ഐ.ഐ.ടിയില്‍ ഇല്ല. അവിടെ ഭരണഘടന അനുശാസിക്കുന്ന സമത്വമോ അവസരതുല്യതയോ ഇല്ല. ഇവിടെ എണ്‍പത്തിയഞ്ച് ശതമാനത്തോളം അധ്യാപകരും സവര്‍ണ താല്‍പര്യത്തിന്റെ സംരക്ഷകരാണ് എന്നുവരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ഉദ്ദേശിക്കാവുന്നതേയുള്ളൂ. രാജ്യത്തിന്റെ അഭിമാന ഗോപുരമായി നിലകൊള്ളേണ്ട ഒരുസ്ഥാപനം മാറിയ ഭരണപരിതസ്ഥിതിയില്‍ ജാതീയതയുടെയും മതവിവേചനത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍തന്നെ, ദലിത് ന്യൂനപക്ഷ വിഭാഗത്തില്‍നിന്നാരും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ പഠിച്ച് ഉന്നതസ്ഥാനത്ത് എത്തരുതെന്ന ഒരുപദ്ധതിയും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടോ എന്നുകൂടി വേണം കരുതാന്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളെ വിവേചിച്ച് അറിയുമ്പോള്‍ മാത്രമേ ഈ യാഥാര്‍ഥ്യം ബോധ്യമാകൂ. നൂറുവര്‍ഷം മുമ്പ് രൂപപ്പെട്ട ഒരാശയത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു ആര്‍.എസ്.എസ്. മുസ്‌ലിംകളടക്കമുള്ള രാജ്യത്തെ പിന്നാക്ക ദലിത് വിഭാഗത്തിന്റെ അവകാശങ്ങളും അധികാരങ്ങളും ഇല്ലാതാക്കി അവരെ രാജ്യത്തിന്റെ പൗരന്മാരല്ലാതാക്കുക എന്നത് അവരുടെ പ്രവര്‍ത്തന പദ്ധതിയാണ്.
2002ല്‍ ഗുജറാത്തിലുണ്ടായ മുസ്‌ലിം വംശീയകലാപം കേവലമൊരു ഗോധ്ര തീവണ്ടി കത്തിക്കലിന്റെ വികാരതള്ളിച്ചയില്‍ നിന്നുണ്ടായതല്ല. അത് ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണ്. ഗുജറാത്തിലെ സമ്പന്ന വിഭാഗമായ മുസ്‌ലിംകളുടെ കൈയിലായിരുന്നു സൂറത്തിലെ തുണിവ്യാപാരത്തിന്റെ കുത്തക. തുണിമില്ലുകളുടെ ഉടമസ്ഥത അവര്‍ക്കായിരുന്നു. ഈ സാമ്പത്തിക ഭദ്രത തകര്‍ക്കാനായിരുന്നു 2002ലെ ഗുജറാത്ത് കലാപം. ആയിരക്കണക്കിന് തുണിമില്ലുകള്‍ കലാപത്തിലൂടെ നശിപ്പിക്കപ്പെട്ടു.
കശ്മിരില്‍ മുസ്‌ലിംകളുടെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. അതും പൂര്‍ത്തീകരിക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന് സുപ്രിംകോടതി വിധി വന്നപ്പോള്‍ കേരളത്തിലെ പ്രമുഖ ബി.ജെ.പി നേതാവായ സഹമന്ത്രി പ്രതിവചിച്ചത് ബി.ജെ.പി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഓരോന്നായി നേടിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.
ഇത്തരമൊരവസ്ഥയിലൂടെ വേണം ഫാത്തിമയെപോലുള്ള ബുദ്ധിമതികളായ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ മരണത്തെ കാണാന്‍. രാജ്യത്തെ പ്രമുഖ കലാശാലകളില്‍നിന്നും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍നിന്നും മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളുക എന്നത് സവര്‍ണ താല്‍പര്യത്തിന്റെ അജണ്ടയാണ്. രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളിലൊന്നിലും ഈ വിഭാഗത്തില്‍പെട്ടവര്‍ എത്തിപ്പെടരുതെന്ന ഒരു നിര്‍ബന്ധ ബുദ്ധി ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായും സ്ഥാപന മേധാവികളായും സവര്‍ണ ലോബികളെ നിറക്കുന്നതില്‍നിന്ന് മറ്റെന്താണ് മനസിലാക്കേണ്ടത്.
ഫാത്തിമയുടെ മരണം കേവലം പഠനഭാരത്താലുള്ള മാനസിക സമ്മര്‍ദത്താല്‍ മാത്രമാണെന്ന് ചുരുക്കിക്കെട്ടുന്നതിലൂടെ ഫാസിസ്റ്റ് യുക്തിയെ പൊതുബോധ്യത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. സവര്‍ണരായ അധ്യാപകരുടെ കൂട്ടമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒന്നുകില്‍ കുട്ടികള്‍ ആത്മഹത്യയില്‍ അഭയംതേടാം. അല്ലെങ്കില്‍ അധ്യാപകര്‍തന്നെ അവരെ അപമൃത്യുവിന് ഇരയാക്കാം. ചെന്നൈ ഐ.ഐ.ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 14 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുമ്പോള്‍ ഇതിന്റെ അടിവേരുകള്‍ ആഴത്തിലുള്ളതാണെന്ന് വേണം കരുതാന്‍. 2016ല്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി മരിക്കാന്‍ ഒരുങ്ങുമ്പോള്‍ എഴുതിയ 'ശാസ്ത്ര സാഹിത്യകാരനാകണം എന്നായിരുന്നു ആഗ്രഹം, വിധി അനുവദിച്ചത് മരണക്കുറിപ്പ് എഴുതാനാണ്'എന്ന വാചകത്തിലുണ്ട് രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉന്നത സര്‍വകലാശാലകളില്‍ നേരിടുന്ന വിവേചനത്തിന്റെ ആഴം. ഫാത്തിമയുടെ മരണം സംബന്ധിച്ച് കേസ് അന്വേഷണത്തിന് വിമുഖത കാണിക്കുന്ന ചെന്നൈ സ്ഥാപന മേധാവികളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നുതന്നെ ഭരണഘടനയും നിയമവും നീതിയും അവര്‍ക്ക് ചുരുട്ടിയെറിയാനുള്ളതാണെന്ന് വ്യക്തമാണ്. ഇതിനൊക്കെ അവര്‍ക്ക് ധൈര്യം പകരുന്നതാകട്ടെ രാജ്യത്തെ മാറിയ ഭരണവ്യവസ്ഥയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."