താലൂക്ക് ആശുപത്രിയില്‍ ശുചിമുറി മാലിന്യം; മൂക്ക് പൊത്തി രോഗികള്‍
ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പ്രദേശമാകെ ദുര്‍ഗന്ധംവമിച്ച് രോഗികള്‍ ബുദ്ധിമുട്ടിലാണ്. കൂടാതെ ആശുപത്രിയിലെത്തുന്നവര്‍ക്ക് പകര്‍ച്ചാവ്യാധി പകരുമെന്ന സ്ഥിതിയാണ്.
കക്കൂസ് ടാങ്ക് നിറഞ്ഞുകവിഞ്ഞും കുഴലുകള്‍ ചോര്‍ന്നൊലിച്ചും ആശുപത്രിവളപ്പില്‍ മലിനജലം പരന്നൊഴുകുന്നു. അത്യാഹിതവിഭാഗം നേരത്തെ പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ വടക്കേയറ്റത്തോട് ചേര്‍ന്നാണ് മലിനജലം പ്രവഹിക്കുന്നത്.
ഇവിടെയാണ് ഒപി ടിക്കറ്റ് കൗണ്ടറുള്ളത്. രോഗികളും അനുഗമിക്കുന്നവരുമായി നൂറുകണക്കിനാളുകള്‍ എത്തുന്നയിടമാണിത്.
കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. തന്മൂലം അസഹ്യമായ ദുര്‍ഗന്ധമാണ് ഈ ഭാഗത്ത്. മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാന്‍. സൂക്ഷിച്ചില്ലെങ്കില്‍ മാലിന്യത്തില്‍ ചവിട്ടിയതുതന്നെ. സമാനമായ ദുരവസ്ഥ ആശുപത്രിയില്‍ മറ്റുചിലയിടങ്ങളിലും രൂപപ്പെട്ടിട്ട് നാളേറെയായി.
ചില ബ്ലോക്കുകളില്‍ ശുചിമുറികളുടെ അവസ്ഥ പരിതാപകരമാണ്. ദേശീയ അംഗീകാരമുള്ള ആശുപത്രിയില്‍ ശുചിത്വപരിപാലനത്തില്‍ ഗുരുതര അലംഭാവമാണ് അധികൃതര്‍ കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."