മില്‍മ തിരുവനന്തപുരം ഡയറിക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍
തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്റെ കീഴിലുള്ള അമ്പലത്തറയിലെ ഡെയറിക്ക് ഗുണമേന്മയുടെ കാര്യത്തില്‍ വീണ്ടും അംഗീകാരം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം നടപ്പാക്കിയതിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 22000: 2005 ആണ് ലഭിച്ചത്.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ 11ന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ തിരുവനന്തപുരം ഡെയറിക്ക് വേണ്ടി മന്ത്രി കെ. രാജു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശും ചടങ്ങില്‍ പങ്കെടുക്കും.
2017 ഫെബ്രുവരിയില്‍ നടന്ന ഓഡിറ്റിങ്ങിലാണ് തിരുവനന്തപുരം ഡെയറി അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. മില്‍മയുടെ വിശ്വാസത്തിനും ഭക്ഷ്യസുരക്ഷക്കും ഗുണമേന്മക്കും സാമൂഹിക പ്രതിബദ്ധതക്കും ലഭിച്ച അംഗീകാരമാണിതെന്ന് മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2001ല്‍ കേരളത്തില്‍ ആദ്യമായി ഗുണമേന്മാനയം നടപ്പാക്കിയതിനുള്ള അംഗീകാരമായ ഐ.എസ്.ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍ ഡെയറിക്ക് ലഭിച്ചിരുന്നു.
അത്യാധുനിക ലബോറട്ടറി സംവിധാനവും മികച്ച സാങ്കേതിക വിദഗ്ധരും ഡെയറിയുടെ മുതല്‍ക്കൂട്ടാണെന്നും കല്ലട രമേശ് പറഞ്ഞു. ക്ഷീരകര്‍ഷകരില്‍ നിന്നും ബള്‍ക്ക് കൂളറില്‍ കൂടി മുഴുവന്‍ പാലും സംഭരിച്ച് പൂര്‍ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അതീവ സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി സംസ്‌കരിച്ച് നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി ഗുണമേന്മ ഉറപ്പുവരുത്തിയാണ് പാലും പാലുല്‍പന്നങ്ങളും തയാറാക്കുന്നത്.
തിരുവനന്തപുരം ഡയറി പ്രതിദിനം 2.20 ലക്ഷം ലിറ്റര്‍ പാലും 12,000 ലിറ്റര്‍ തൈരും കൂടാതെ നെയ്യ്, ബട്ടര്‍, ഐസ്‌ക്രീം, പനീര്‍, സിപ്പ് അപ്പ് തുടങ്ങി നിരവധി ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും ശാസ്ത്രീയമായി സംഭരിച്ച് സംസ്‌കരിച്ച് ഗുണമേന്മയുടെ ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തി ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരമെന്നും കല്ലട രമേശ് പറഞ്ഞു.
തിരുവനന്തപുരം ഡെയറിയുടെ പ്രതിദിന പ്രോസസിങ് ശേഷി നാല് ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഡെയറിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓട്ടോമേഷന്‍ സംവിധാനത്തില്‍ കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം നടപ്പാക്കുന്നതിനായി വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളിലൂടെ 3.5 കോടി രൂപ ഇതിനോടകം മില്‍മക്ക് ലഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്കായി നവീകരിച്ച മില്‍മാ ഷോപ്പിയുടെ പ്രവര്‍ത്തനവും അമ്പലത്തറയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയരക്ടര്‍ കെ.ആര്‍ സുരേഷ് ചന്ദ്രന്‍, ഡയരക്ടര്‍മാരായ അയ്യപ്പന്‍നായര്‍, രാജഷേഖരന്‍, വേണുഗോപാല്‍, സുശീല, ഗീത തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."