പൊട്ടിത്തെറി അവസാനിക്കാതെ വനിതാ ക്രിക്കറ്റ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ക്രിക്കറ്റിനു പിന്നാലെ വനിതാ ടീമിലുടലെടുത്ത പ്രശ്‌നങ്ങള്‍ കടുക്കുന്നു. പരിശീലകന്‍ രമേഷ് പവാര്‍ ബി.സി.സി.ഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെതിരേ ഗുരുതര ആരോപണങ്ങള്‍ നിരത്തിയിരുന്നു. സംഭവത്തില്‍ മിതാലി ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായി നീങ്ങുകയാണ്.
ടീമിനേക്കാളും വ്യക്തിഗത നേട്ടങ്ങള്‍ക്കും സ്വന്തം താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മിതാലിയെന്ന് പവാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ട്വീറ്റിലൂടെ മിതാലിയും രംഗത്തെത്തി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ മിതാലി രാജിനെ പുറത്തിരുത്തിയതോടെയാണ് വിവാദം തലപൊക്കുന്നത്. കളി തോറ്റതോടെ മിതാലി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് ടീമിനുള്ളിലെ പ്രശ്‌നം മറനീക്കി പുറത്തുവന്നത്. ഇതിനെതിരേ മിതാലി രാജ് പരിശീലകനെതിരേ രംഗത്തെത്തിയിരുന്നു. തന്റെ ജീവിതത്തിലെ കറുത്ത ദിനമെന്നാണ് ഇതേക്കുറിച്ച് മിതാലിയുടെ ട്വീറ്റ്. തനിക്കെതിരേ ചുമത്തപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ വളരെയധികം ദുഃഖം തോന്നി. 20 വര്‍ഷമായി രാജ്യത്തിനു വേണ്ടണ്ടി ആത്മാര്‍ഥതയോടെയാണ് കളിച്ചത്. ഈ കഠിനാധ്വാനവും വിയര്‍പ്പൊഴുക്കിയതുമെല്ലാം വെറുതെയായിരിക്കുന്നു. ഇപ്പോള്‍ തന്റെ രാജ്യസ്‌നേഹമാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. തന്റെ കഴിവും ചോദ്യം ചെയ്യപ്പെട്ടു. ജീവിതത്തിലെ കറുത്ത ദിനമാണിത്. ദൈവം തനിക്കു ശക്തി നല്‍കട്ടെയെന്നും പറഞ്ഞാണ് മിതാലിയുടെ ട്വീറ്റ് അവസാനിക്കുന്നത്. ലോകകപ്പില്‍നിന്ന് ഇന്ത്യ പുറത്തായ ശേഷം മിതാലി തന്നെയാണ് പവാറിനും ഭരണസമിതി അംഗവുമായ ഡയാന എഡുല്‍ജിക്കുമെതിരേ രംഗത്തുവന്നത്. ഡയാന അധികാരം ഉപയോഗിച്ച് തന്നോട് പക്ഷപാതപരമായി പെരുമാറിയെന്നും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു മിതാലിയുടെ പ്രധാന ആരോപണം.
ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി വിമര്‍ശിച്ചിരുന്നു. സെമി ഫൈനലില്‍ തന്നെ പുറത്തിരുത്താനുള്ള തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചതായും എന്നാല്‍ ഹര്‍മന്‍പ്രീതുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും മിതാലി വ്യക്തമാക്കിയിരുന്നു. ഓപ്പണിങില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് മിതാലി നാട്ടിലേക്കു മടങ്ങുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പവാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മിതാലിയുടെ പെരുമാറ്റത്തില്‍ തനിക്കു ദുഃഖം തോന്നിയതായി പവാര്‍ വ്യക്തമാക്കി. ഇന്ത്യയേക്കാള്‍ വലുതാണോ മിതാലിയെന്ന് തനിക്ക് അന്നു തോന്നിയിരുന്നു. അത്രയേറെ കോലാഹലങ്ങളും പ്രശ്‌നങ്ങളുമാണ് അവര്‍ ലോകകപ്പിനിടെ ഉണ്ടണ്ടാക്കിയതെന്ന് പവാറിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."