HOME
DETAILS
MAL
മദ്രാസ് ഐ.ഐ.ടി ചര്‍ച്ചയ്ക്ക് വഴങ്ങി; വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു
backup
November 20 2019 | 06:11 AM
ചെന്നൈ: മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം പിന്‍വലിച്ചു.
സമരം കാംപസിനു പുറത്തേക്ക് വ്യാപിച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ ഐ.ഐ.ടി അധികൃതര്‍ തയാറാവുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിക്കുമെന്ന് ഐ.ഐ.ടി ഡീന്‍ ഉറപ്പുനല്‍കി.
ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തരതല അന്വേഷണം വേണം, എല്ലാ വകുപ്പുകളിലും പ്രത്യേക സമിതി വേണം, വനിതാ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം, വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ഇക്കാര്യം പരാതിപ്പെടാനും സംവിധാനം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ഡീന്‍ അറിയിച്ചു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ കൂടിക്കാഴ്ചയ്ക്കുശേഷം ഐ.ഐ.ടി ഡയരക്ടര്‍ ഉടന്‍ തിരിച്ചെത്തുമെന്നും ഇതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ഡീന്‍ വിദ്യാര്‍ഥികളെ രേഖാമൂലം അറിയിച്ചു.
ഇതോടെ ഫാത്തിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന മുസംബി നീര് കുടിച്ചാണ് നിരാഹാരസമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്.
മലയാളി വിദ്യാര്‍ഥികളായ അസ്ഹര്‍ മൊയ്തീന്, ജസ്റ്റിന് ജോസഫ് എന്നിവര്‍ തിങ്കളാഴ്ചയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ചിന്താബാര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തിന് എസ്.എഫ്.ഐ, എന്‍.എസ്.യു, എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."