ഗാസിയാബാദ് പൊലിസ് മേധാവിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊലകേസില്‍ കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ ഗാസിയാബാദ് പൊലിസ് മേധാവിക്കെതിരേ ജാമ്യമില്ലാ വാറണ്ട്. കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി.എ.സി)യിലെ 16 പേരില്‍ ആറുപേര്‍ എന്തുകൊണ്ടാണ് കോടതിയില്‍ കീഴടങ്ങാത്തതെന്നതിന് വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയുടെതാണ് നടപടി.
ഗാസായിബാദ് സീനിയര്‍ പൊലിസ് സൂപ്രണ്ട് അടുത്തമാസം അഞ്ചിന് നേരിട്ട് ഹാജരാകണമെന്നും ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു.
കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ അഞ്ചുപേര്‍ 22നും അഞ്ചുപേര്‍ ചൊവ്വാഴ്ചയും കോടതിയില്‍ കീഴടങ്ങിയിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ കസ്റ്റഡി കൂട്ടക്കൊലയായ ഹാഷിംപുര കേസില്‍ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി കഴിഞ്ഞമാസം 31നാണ് ഡല്‍ഹി ഹൈക്കോടതി 16 പേരെയും കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷവിധിച്ചത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നിരായുധരായ 42 യുവാക്കളെയാണ് പി.എ.സി കൊലപ്പെടുത്തിയതെന്നും 31 വര്‍ഷമായി ഇവരുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി അലയുകയാണെന്നും നിരീക്ഷിച്ചായിരുന്നു ജഡ്ജിമാരായ എസ്. മുരളീധറും വിനോദ് ഗോയലും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."