ബഷീര്‍ ഭാഷകളില്‍നിന്ന് ഭാഷ സൃഷ്ടിച്ച സാഹിത്യകാരന്‍: എം.ടി
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ ഭാഷകളില്‍നിന്ന് ഭാഷ സൃഷ്ടിച്ച സാഹിത്യകാരനായിരുന്നുവെന്ന് എം.ടി. പുതുതലമുറയും ബഷീറിനെ വീണ്ടും വായിക്കപ്പെടുന്നുവെന്നത് അദ്ദേഹം മലയാളിവായനയുടെ ഭാഗമായി മാറിയെന്നതിന്റെ തെളിവാണ്.
തന്റെ എഴുത്തിലൂടെ മാനവികതയുടെ സന്ദേശം പുറത്തെത്തിക്കാന്‍ ബഷീറിനു സാധിച്ചുവെന്നും എം.ടി അഭിപ്രായപ്പെട്ടു. ചലച്ചിത്ര പിന്നണി ഗായകന്‍ പി. ജയചന്ദ്രനു പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ടി പുരസ്‌കാരം സമര്‍പ്പിച്ചു. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബാബു മേത്തര്‍ അധ്യക്ഷനായി. കെ.കെ സുധാകരന്‍ പ്രശസ്തിപത്രം വായിച്ചു. പ്രൊഫ. എം.എന്‍ വിജയന്‍ അവാര്‍ഡ് പി. ഷംസുദ്ദീന്‍ ഇരിങ്ങാലക്കുട എച്ച്.എസ്.എസിലെ ശ്രീപ്രിയയ്ക്ക് കൈമാറി. ഡോ. ഖദീജ മുംതാസ് അനുസ്മരണ പ്രഭാഷണം നടത്തി.
സംഗീതത്തെ കുറിച്ച് എനിക്കൊരു വിവരവുമില്ല; സദസിനെ ചിരിപ്പിച്ച് എം.ടി
കോഴിക്കോട്: സംഗീതത്തെ കുറിച്ച് എനിക്കൊരു വിവരവുമില്ല. രാഘവന്‍ മാഷൊക്കെ പാടുമ്പോള്‍ ഞാന്‍ കേട്ടിരിക്കും. പാട്ട് കേള്‍ക്കാറുണ്ട്. പാട്ടില്‍ ഞാനൊരു വിദഗ്ധനൊന്നുമല്ല. ജയചന്ദ്രന്റെ പാട്ടും കേട്ടിട്ടുണ്ട്. കേള്‍ക്കാറുമുണ്ട്. പുരസ്‌കാര വിതരണ ചടങ്ങില്‍ അനുമോദന പ്രഭാഷണം നടത്തുമ്പോഴാണ് എം.ടി സദസിനെ നര്‍മത്തിലാക്കിയത്. ജയചന്ദ്രനെ കുറിച്ച് ഒരു ചെറുപ്പക്കാരന്‍ പുസ്തകം എഴുതിയിരുന്നു. അതിന് ഞാനൊരു അവതാരികയും എഴുതിക്കൊടുത്തു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ വായിക്കാന്‍ പോലും എനിക്കു പുസ്തകം കിട്ടിയില്ല. ആരോട് പറയാന്‍. പുസ്തകം എഴുതിയയാളെങ്കിലും ആ പുസ്തകം കൊണ്ട് തരേണ്ടേ... എം.ടി പറഞ്ഞുനിര്‍ത്തിയപ്പോള്‍ അതിഥികളും സദസും ഒരുമിച്ച് ചിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."