'ആനയെ വാങ്ങി പക്ഷേ തോട്ടിയില്ല'
ചെറുവത്തൂര്‍: 'ആനയെ വാങ്ങി പക്ഷെ തോട്ടി വാങ്ങാന്‍ കാശില്ല' എന്നു പറഞ്ഞതുപോലെയാണ് മടക്കര തുറമുഖത്തിന്റെ സ്ഥിതി. കോടികള്‍ ചിലവഴിച്ചു തുറമുഖം നിര്‍മിച്ചു. എന്നാല്‍ വൈദ്യുതി കണക്ഷനുള്ള തുക ലഭിക്കാത്തതിനാല്‍ കെട്ടിടങ്ങള്‍ പലതും നോക്കുകുത്തിയായി കിടക്കുന്നു.
ഒരു വര്‍ഷം മുന്‍പാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടക്കര തുറമുഖം നാടിനു സമര്‍പ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ 29 കോടിയോളം രൂപ ചിലവിട്ടാണ് തുറമുഖം നിര്‍മിച്ചത്.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. വൈദ്യുതി ലഭിക്കാത്തതിനാല്‍ തുറമുഖത്തിന്റെ ലേലപ്പുരയോട് ചേര്‍ന്ന് നിര്‍മിച്ച റെസ്റ്റ് ഷെഡ്, വര്‍ക്ക്ഷോപ്പ്, ഗിയര്‍ ഷെഡ് എന്നിവ ഇതുവരെ തുറന്നിട്ടില്ല. കംഫര്‍ട്ട് സ്റ്റേഷന്റെ സ്ഥിതിയും വിഭിന്നമല്ല. ഈ അനുബന്ധ കെട്ടിടങ്ങളില്‍ വൈദ്യുതി ലഭിക്കാന്‍ ഒരു ലക്ഷത്തിലേറെ രൂപ നല്‍കേണ്ടതുണ്ട്. ഈ തുക ആവശ്യപ്പെട്ട് ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വകുപ്പ് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലത്രെ.
മത്സ്യങ്ങള്‍ ലേലം ചെയ്യുന്ന ലേലപ്പുരയില്‍ മാത്രമാണ് ഇപ്പോള്‍ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടുള്ളത്. തൊഴിലാളികളും മത്സ്യം വാങ്ങാന്‍ എത്തുന്നവരും ഉള്‍പ്പെടെ ഇപ്പോള്‍ നിത്യവും മടക്കര തുറമുഖത്ത് എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ജില്ലയുടെ സ്വപ്ന സാക്ഷാത്ക്കാരമായ മടക്കര തുറമുഖത്തോടു മുഖം തിരിച്ചു നില്‍ക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."