ആളനക്കമില്ലാത്ത പൊലിസ് പരേഡ് ഗ്രൗണ്ട്
ചീമേനി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ ചീമേനി തുറന്ന ജയില്‍ വളപ്പിലെ പരേഡ് ഗ്രൗണ്ടില്‍ നാളിതു വരെയായി ഒരു പരേഡും നടന്നില്ല. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ആഭ്യന്തര, ജയില്‍ വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പരേഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്.
എ.ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്, ഡി.ഐ.ജി പി.ജെ ജേക്കബ്, സ്ഥലം എം.എല്‍.എ കെ.കുഞ്ഞിരാമന് തുടങ്ങി ഉദ്യോഗസ്ഥ-രാഷ്ട്രീയ-പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പണി പൂര്‍ത്തിയാകാത്ത ഗ്രൗണ്ട് പരേഡിനായി തുറന്ന് കൊടുത്തത്.
മുന്‍ ധാരണകളില്ലാതെ വന്‍ സാമ്പത്തിക ചെലവ് നടത്തി നിര്‍മിച്ച ഗ്രൗണ്ട് പിന്നീട് ഉപയോഗയോഗ്യമാക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്നും തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. മുന്നൂറ് ഏക്കറിലധികം വിസ്തൃതിയുള്ള ജയില്‍ വളപ്പിലെ കിഴക്ക് ഭാഗത്തായാണ് കാട് മൂടിയ നിലയിലുള്ള ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
പരിശീലന കേന്ദ്രം കണ്ണൂരില്‍ സ്ഥാപിച്ചതോട് കൂടിയാണ് ചീമേനിയില്‍ പരേഡ് ഗ്രൗണ്ടിന്റെ ആവശ്യമില്ല എന്ന തീരുമാനത്തിലെത്തിയത്. പരേഡ് ഗ്രൗണ്ടിനെ കൃഷിയിടമാക്കാനുള്ള ശ്രമം നടത്തിയങ്കിലും അതു വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."