മഴയറിഞ്ഞ് അവര്‍ ചുരമിറങ്ങി
കോഴിക്കോട് : 12-ാം വാര്‍ഷിക മഴയാത്ര അടുക്കും ചിട്ടയുമായി ചുരമിറങ്ങി. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫ്‌ളാഗ് ഓഫ് ചെയ്ത് രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 4-ാം ഹെയര്‍പിന്‍ വളവില്‍ വച്ച് യാത്ര അവസാനിപ്പിച്ചു.
പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപനസമിതി, നാഷനല്‍ ഗ്രീന്‍ കോര്‍ വിദ്യാലയ പരിസ്ഥിതി ക്ലബുകള്‍, ദര്‍ശനം സാംസ്‌കാരിക വേദി എന്നിവര്‍ നേതൃത്വം നല്‍കിയ മഴയാത്രക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നിവ ഔദ്യോഗിക പിന്തുണ നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പും പൊലിസ് - വനം വകുപ്പുകളും പുതുപ്പാടി ഗ്രാമപഞ്ചായത്തും യാത്രയില്‍ പങ്കാളികളായി.
ലക്കിടി ഓറിയന്റല്‍ കോളജ് അങ്കണത്തിലെ ചടങ്ങില്‍ വച്ച് കല്‍പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന്‍ അദ്ധ്യക്ഷനായി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ഡോ. എന്‍. സിജേഷ് സ്വാഗതം പറഞ്ഞു. എന്‍.ജി.സി കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ എം.എ ജോണ്‍സണ്‍ ആമുഖപ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന സമിതി ചെയര്‍മാന്‍ മണലില്‍ മോഹനന്‍ നന്ദി പറഞ്ഞു. മുന്‍വര്‍ഷത്തെ ഏറ്റവും നല്ല പരിസ്ഥിതി സന്ദേശ അവതരണത്തിനുള്ള പുരസ്‌കാരങ്ങളും മഴയാത്രയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അണിനിരത്തിയ വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."