പാമ്പുകടിയേറ്റിട്ടും ആണികുത്തിയതാണെന്ന് അധ്യാപകന്‍, ആശുപത്രിയില്‍ എത്തിക്കാതെ ഒരു മണിക്കൂര്‍ രക്ഷിതാവിനെ കാത്തിരുന്നു; പൊട്ടിത്തെറിച്ചു വിദ്യാര്‍ഥികള്‍
സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയ്ക്കുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂൡനെതിരെയും അധ്യാപകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുട്ടികള്‍. വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് അധ്യാപകരോട് പറഞ്ഞിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്ന് ഷഹലയുടെ സഹപാഠികള്‍ പറഞ്ഞു.
കുട്ടിയുടെ കാലുകള്‍ നീലിച്ചിട്ടുണ്ടായിരുന്നു. പാമ്പു കടിച്ചതാണെന്ന് പറഞ്ഞപ്പോള്‍ അല്ല ആണികുത്തിയതാണെന്ന് അധ്യാപകന്‍ പറഞ്ഞു. ഷഹല വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. അവള്‍ കസേരയില്‍ തളര്‍ന്നിരുന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല- വിദ്യാര്‍ഥികള്‍ രോഷത്തോടെ പറഞ്ഞു. അധ്യാപകർക്കെല്ലാം കാറുകള്‍ ഉണ്ടായിട്ടും അവർ ഷഹലയെ ആശുപത്രിയിലെത്തിച്ചില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകള്‍ ഷഹ്‌ല ഷെറിന്‍ (9) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന മാളത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്ന് രക്തം വന്നതോടെ മറ്റു കുട്ടികള്‍ അധ്യാപകരെ വിവരം അറിയിച്ചു. പാമ്പുകടിയേറ്റതാണെന്ന് മനസിലായി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ രക്ഷിതാവെത്തിയിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു അധ്യാപകരുടെ നിലപാടെന്നും കുട്ടികള്‍ പറഞ്ഞു. പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ഥിനി മരിച്ചു.
ക്ലാസില്‍ ഇഴജന്തുക്കള്‍ വരാറുണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിലെന്നും ക്ലാസില്‍ ചെരിപ്പ് ഉപയോഗിക്കാന്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, ഇഴജന്തുക്കള്‍ കയറിക്കൂടാന്‍ പാകത്തിനുള്ള നിരവധി മാളങ്ങളാണ് ക്ലാസ് റൂമുകളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."