വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു, എച്ച്.വണ്‍ എന്‍.വണ്‍ എന്ന് സംശയം: ലക്ഷണങ്ങളുള്ള പത്ത് വിദ്യാര്‍ഥികള്‍ ഐസൊലേഷന്‍ വാര്‍ഡില്‍
കണ്ണൂര്‍: കോളേജില്‍ നിന്നും വിനോദയാത്രക്കു പോയ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. എച്ച്.വണ്‍ എന്‍.വണ്‍ ആണോ എന്നാണ് സംശയം. സംഭവത്തിന്റെ നടുക്കം മാറാതെ സഹപാഠികളും കോളേജ് അധികൃതരും.
കൂടെ യാത്ര പോയവരില്‍ എച്ച്.വണ്‍ എന്‍.വണ്‍ ലക്ഷണങ്ങള്‍ കണ്ട പത്ത് വിദ്യാര്‍ഥികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കൂത്തുപറമ്പ് സ്വദേശി ആര്യശ്രീയാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. മയോകാര്‍ഡിറ്റിസിന് കാരണം എച്ച്.വണ്‍ എന്‍.വണ്‍ വൈറസ് ആണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
എല്ലാവരുടേയും രക്തസാമ്പിളുകളും തൊണ്ടയിലെ സാമ്പിളുകളും ശേഖരിച്ച് ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചിട്ടുണ്ട്.
ഹൃദയപേശികളിലെ അണുബാധയായ മയോകാര്‍ഡിറ്റിസിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.
നാല് ദിവസത്തെ വിനോദയാത്രക്ക് ശേഷം വീട്ടിലെത്തിയ ആര്യശ്രീയെ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടെ യാത്ര ചെയ്ത വിദ്യാര്‍ഥികളും അധ്യാപകരുമടക്കം അന്‍പത്തിയൊന്നുപേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയ ശേഷമാണ് സംശയമുള്ള പത്തുപേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."