രമ്യ വധം:ശിക്ഷ നടപ്പായത് ആത്മഹത്യയെന്ന് പൊലിസ് എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ്
തലശ്ശേരി: കാട്ടാമ്പള്ളിയിലെ അമ്പന്‍ രവീന്ദ്രന്റെ മകള്‍ രമ്യ വധക്കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ശിക്ഷിക്കപ്പെട്ടത് പ്രൊസിക്യൂഷന്റെ ശക്തമായ വാദവും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തില്‍. പൊലിസ് ആത്മഹത്യയെന്ന് എഴുതി തള്ളാന്‍ ശ്രമിച്ച കേസാണ് സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷവും കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രൊസിക്യൂഷന്‍ പ്രതികളെ നീതിപീഠത്തിന്റെ മുന്നിലെത്തിച്ചത്. ഇതിനായി കഠിനാധ്വാനം ചെയ്തത് അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. എ.ജെ ജോണ്‍സണായിരുന്നു. പ്രതികളെ ശിക്ഷിച്ച വിവരം അറിഞ്ഞപ്പോള്‍ കൊല്ലപ്പെട്ട രമ്യയുടെ പിതാവ് രവീന്ദ്രന്‍ ആദ്യം നന്ദി പറഞ്ഞതും അദ്ദേഹത്തിനായിരുന്നു.
പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു പ്രതി ഷമ്മികുമാര്‍ രമ്യയെ നിരന്തം പീഡിപ്പിച്ചിരുന്നത്. നിര്‍ബന്ധിച്ച് മദ്യം നല്‍കിയും മറ്റും പീഡിപ്പിക്കാറുണ്ടെന്ന് രമ്യയുടെ സഹോദരി ഉള്‍പ്പടെ നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഗള്‍ഫിലായിരുന്ന പ്രതി നാട്ടിലെത്തിയ വിവരം രമ്യയുടെ വീട്ടുകാരെ അറിയിക്കാതെ രമ്യയുടെ പിതാവും മറ്റും സഹോദര പുത്രന്റെ വിവാഹത്തിന് പോയ ശേഷം വീട്ടില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് ഒരുവയസ് മാത്രം പ്രായമുള്ള ഇവരുടെ ഇളയ കുട്ടിയെയും രമ്യയെയും കൂട്ടി വിവിധ ലോഡ്ജുകളില്‍ കഴിയുകയും തുടര്‍ന്ന് പയ്യന്നൂരിലെ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയെടുത്ത് കൊലപാതകം നടത്തുകയുമായിരുന്നു.
ഒരുവയസുകാരി മാത്രം ദൃക്‌സാക്ഷിയായ കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധനയുടെയും ബലത്തിലാണ് പ്രൊസിക്യൂഷന്‍ വാദം നിരത്തിയത്. കൊലപാതകത്തിന് ശേഷവും ഷമ്മികുമാര്‍ ഗള്‍ഫിലേക്ക് പോയതിന്റെ രേഖകള്‍ ഏഴ് വര്‍ഷത്തിന് ശേഷം ഡല്‍ഹി വിമാതത്താവളത്തില്‍ നിന്ന് ശേഖരിക്കുകയും ഡല്‍ഹി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ കോടതിയില്‍ വിചാരണക്കെത്തിക്കാനായതും പ്രൊസിക്യൂഷന്റെ നേട്ടമായിരുന്നു.ഷമ്മികുമാറിന്റെ മുഴുന്‍ യാത്രാരേഖകളും പ്രൊസിക്യൂഷന്‍ ഹാജരാക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം വീണ്ടും ഗള്‍ഫിലേക്ക് കടന്ന പ്രതി താനല്ല കൊലപാതകം നടത്തിയതെന്നും സംഭവ സമയം താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സ്ഥാപിക്കാന്‍ ശക്തമായ നീക്കം നടത്തിയിരുന്നു. ഈ വാദത്തെ തകര്‍ത്തത് വിമാനത്താവളത്തിലെ യാത്രാരേഖകള്‍ തന്നെയായിരുന്നു.
കര്‍മസമിതി ഭാരവാഹികളും മറ്റും നിരന്തരം കേസിന്റെ പിറകെ നടന്ന് പ്രതിയെ പിടികൂടാന്‍ ഏറെ പരിശ്രമിച്ചു. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം തള്ളിയത് ഫോറന്‍സിക് വിദഗ്ധന്റെ മൊഴിയായിരുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീയും നഗ്നയായി കൃത്യം ചെയ്യില്ലെന്ന് ഡോ. ഗോപാലകൃഷ്ണപിള്ള കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിചാരണ കോടതിയില്‍ പ്രൊസിക്യൂഷന്‍ 40 സാക്ഷികളെ വിസ്തരിച്ചു. പൊലിസ് ഉള്‍പ്പെടുത്തിയ സാക്ഷികള്‍ക്ക് പുറമെ പ്രൊസിക്യൂഷന്‍ ഏഴ് സാക്ഷികളെ കൂട്ടിചേര്‍ക്കുകയായിരുന്നു. ഈ സാക്ഷികളുടെ മൊഴി കോടതി മുഖവിലക്കെടുക്കുകയും ചെയ്തു. ഷമ്മികുമാറിന്റെ സഹോദരനെതിരേ നേരിട്ട് നിലനില്‍ക്കുന്ന കുറ്റമില്ലെന്ന കാരണത്താലാണ് കോടതി വെറുതെ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."