മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല:ഓട്ടോകള്‍ക്കെതിരേ നടപടി
തലശ്ശേരി: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വിസ് നടത്തിയ ഓട്ടോകള്‍ക്കെതിരേ തലശ്ശേരി ട്രാഫിക് പൊലിസ് നടപടി ആരംഭിച്ചു. നഗരത്തില്‍ സര്‍വിസ് നടത്തുന്ന ചില ഓട്ടോകള്‍ക്കെതിരേ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നതായി പൊലിസില്‍ വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ നൂറില്‍പരം ഓട്ടോകളില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് സര്‍വിസ് നടത്തിയ 30 ഓട്ടോകള്‍ക്കാണ് തലശ്ശേരി ട്രാഫിക് എസ്.ഐ വി.വി ശ്രീജേഷും സംഘവും പിഴ ചുമത്തിയത്. യാത്രക്കാര്‍ ഓട്ടം വിളിച്ചാല്‍ ചില ഡ്രൈവര്‍മാര്‍ പോകാന്‍ വിസമ്മതിക്കുന്നതു സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ദൂരത്തിന് കൂടുതല്‍ തുക ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് പൊലിസ് പറഞ്ഞു. ബാഡ്ജില്ലാതെയും ടി.എം.സി നമ്പര്‍ ഇല്ലാതെയും സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേയും പിഴ ചുമത്തും. റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമായി സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്ന കാര്യവും പരിഗണനയിലാണെന്ന് എസ്.ഐ പറഞ്ഞു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഓട്ടത്തിന് അമിത ചാര്‍ജ് ഈടാക്കുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് പൊലിസ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."