'എന്റെ മകനെ ഖബറിലേക്കയച്ചു; രണ്ടു പേരെ ജയിലിലേക്കും, എന്‍.ഡി.എഫുകാര്‍ ഇനിയെങ്കിലും പുനരാലോചിക്കണം'
കോഴിക്കോട്: 'സമുദായ സംരക്ഷകരെന്ന് പറഞ്ഞ് രംഗത്തുവന്ന എന്‍.ഡി എഫുകാര്‍ എന്റെ പ്രിയപ്പെട്ട മകനെ ഖബറിലേക്കയച്ചു. രണ്ടു ചെറുപ്പക്കാരെ ജയിലിലേക്കും. ഇനിയെങ്കിലും അവര്‍ പുനര്‍വിചിന്തനത്തിന് തയാറാവണം.' വേളത്ത് കൊല്ലപ്പെട്ട എസ്.കെ.എസ്.എസ്.എഫ് പ്രവര്ത്തകന് നസീറുദ്ദീന്റെ പിതാവ് കെ.പി അസീസിന്റേതാണീ വാക്കുകള്‍.
കേസിലെ ഒന്നും രണ്ടും പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയില്‍ സന്തോഷമുണ്ട്. ദൈവത്തെ സ്തുതിക്കുന്നു.
കോടതിയോടും അഭിഭാഷകരോടും തന്റെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. തങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ കണ്ണീരിന് ദൈവം തന്ന സമാധാനമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
വേളം പഞ്ചായത്തിലെ പുത്തലത്ത് പ്രദേശത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നസീറുദ്ദീന്റെത്. വളരെ നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊന്ന കിരാത നടപടിക്കെതിരേ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തിലായിരുന്നു.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ നിറഞ്ഞുനിന്ന യുവാവിനെ ഇല്ലായ്മ ചെയ്തത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിരുന്നില്ല. കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു എല്ലാവരും.
കേസിന്റെ വിചാരണ വേളയില്‍ സാക്ഷിമൊഴികളുടെ കൃത്യതയും സാഹചര്യത്തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ലഭിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."