വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി നീലഗിരി
ആന, പുലി, കാട്ടുപോത്ത്, പന്നി തുടങ്ങിയവ വിഹരിക്കുന്നത് ജനവാസ
കേന്ദ്രങ്ങളില്‍
ഗൂഡല്ലൂര്‍: വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല. ആന മുതല്‍ പന്നി വരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പൊറുതിമുട്ടിക്കഴിയുകയാണ് ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍ താലൂക്കില്‍ വസിക്കുന്നവര്‍. ആന, പുലി, കാട്ടുപോത്ത്, പന്നി, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളെല്ലാം കാടിറങ്ങി ജനവാസ മേഖലകളിലെത്താന്‍ തുടങ്ങിയതോടെ ഭീതിയുടെ മുള്‍മുനയിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.
വന്യമൃഗങ്ങള്‍ കൃഷികള്‍ നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണി സൃഷ്ടിക്കുകയാണ്. ഇതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നറിയാതെ ഉഴലുകയാണ് പ്രദേശത്തുകാര്‍. കഴിഞ്ഞ ദിവസം കണിയംവയലില്‍ കാട്ടാനക്കൂട്ടം നാശം വിതച്ചതോടെ നിരവധി ആളുകളുടെ കൃഷിയാണ് നശിച്ചത്. ദേവര്‍ഷോല പഞ്ചായത്തിലെ കണിയംവയലില്‍ നാല് ആനകളടങ്ങിയ കൂട്ടമാണ് നാശം വിതച്ചത്.
പ്രദേശത്തെ അലി മൗലവി, ഫൈസല്‍ മൗലവി, ശ്രീധരന്‍, ബാവ എന്നിവരുടെ നേന്ത്ര വാഴ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. വീടുകള്‍ക്ക് സമീപത്തെ തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ദേവാല പൊന്നൂരില്‍ ഒറ്റയാനാണ് ഭീതി വിതക്കുന്നത്. വാഴ, കമുക് തുടങ്ങിയ കൃഷികള്‍ ആന നശിപ്പിച്ചിട്ടുണ്ട്. കുന്നൂര്‍ മേഖലയില്‍ കാട്ടുപോത്തുകളാണ് ഭീഷണിയുയര്‍ത്തുന്നത്.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റ്, ജയന്തിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടുപോത്തുകള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയാണ്. ഇതുകൊണ്ട് സൈനിക കുടുംബങ്ങളാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. കാട്ടുപോത്തുകള്‍ കൂട്ടമായും ഒറ്റയായും ഇറങ്ങുന്നതിനാല്‍ പ്രഭാത സവാരിക്ക് പോലും ജനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കുന്നൂര്‍ വണ്ടിശോലയില്‍ പുലിയും കുഞ്ഞുമാണ് നാട്ടുകാരില്‍ ഭീതിയുയര്‍ത്തുന്നത്. പുലിയെയും കുഞ്ഞിനെയും കൂടുവെച്ച് പിടിക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
കൂടുവെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ മുബാറക് കുന്നൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഇവിടെ.
വളര്‍ത്ത് മൃഗങ്ങളെ പോലും പ്രദേശത്തുകാര്‍ക്ക് വളര്‍ത്താന്‍ സാധിക്കുന്നില്ല. പുലി ഭീതിയുണ്ടെങ്കില്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തേണ്ടെന്ന കര്‍ക്കശ നിലപാടാണ് വനംവകുപ്പിന്റേത്. ഇതിനെതിരേ പ്രദേശത്ത് ഇപ്പോള്‍ത്തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ശല്ല്യക്കാരായ മൃഗങ്ങളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പ്രദേശത്തെ ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."