കൈയേറ്റം തടയുന്നതില്‍ വനംവകുപ്പ് പരാജയം
തിരുവനന്തപുരം: കൈയേറ്റം തടയുന്നതില്‍ വനംവകുപ്പ് പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരമാണ് സംസ്ഥാനത്ത് ഇപ്പോഴും കൈയേറ്റം നടക്കുന്നതായി സി.എ.ജി കണ്ടെത്തിയത്.
1977 ജനുവരി ഒന്നിന് മുന്‍പ് കൈയേറിയ 28,588 ഹെക്ടര്‍ വനഭൂമി നിയമാനുസൃതമാക്കിയിരുന്നു. ഇതിനുശേഷം 11,917 ഹെക്ടറിലധികം വനഭൂമി കൈയേറിയിരുന്നു. ഇതില്‍ 4,628 ഹെക്ടര്‍ മാത്രമാണ് ഒഴിപ്പിച്ചതെന്ന് സി.എ.ജി കണ്ടെത്തി. ടൂറിസം മേഖലയായ മൂന്നാര്‍, കോന്നി, കോതമംഗലം റെയ്ഞ്ചുകളിലാണ് കൂടുതലായി കൈയേറ്റം നടന്നത്.
വനഭൂമിയുടെ അതിര്‍ത്തി ജണ്ട കെട്ടി തിരിക്കാത്തത് കൈയേറ്റം എളുപ്പമാക്കി. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍പ്രകാരം 41,880 ജണ്ടകള്‍ ഇനിയും നിര്‍മിക്കാനുണ്ട്. ഇത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കൈയേറ്റക്കാരുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറുകയും ഈ വര്‍ഷം മാര്‍ച്ച് വരെ 866 ഹെക്ടറിലെ കൈയേറ്റം ഒഴിപ്പിച്ചതായും സര്‍ക്കാര്‍ സി.എ.ജിക്ക് മറുപടി നല്‍കിയിട്ടുണ്ട്.
വനംവകുപ്പിന്റെ ഏതിര്‍പ്പ് അവഗണിച്ച സര്‍ക്കാര്‍ ഭൂരഹിതരായ ഗോത്രവര്‍ഗക്കാരെ ആനകള്‍ പതിവായി ഇറങ്ങുന്ന മൂന്നാര്‍ ഡിവിഷനിലെ ആനയിറങ്കല്‍ റിസര്‍വോയറിന്റെ വൃഷ്ടിപ്രദേശത്ത് പുനരധിവസിപ്പിച്ചു.
ഇത് ആനകളുടെ സ്വാഭാവിക ആവാസമേഖലയെ ദോഷകരമായി ബാധിച്ചെന്നും വന്യമൃഗങ്ങള്‍ വേട്ടയാടപ്പെടുന്നതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിതെളിച്ചെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായാണെന്ന് വനംവകുപ്പ് ഉറപ്പുവരുത്തിയിട്ടില്ലെന്ന വിമര്‍ശനവും സി.എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."