ടഗ്ഗിന്റെ അടിയില്‍ പെട്ട മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പട്രോള്‍ ബോട്ട് കരയിലേക്ക് മാറ്റി
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖത്ത് വെള്ളം കയറി മറിഞ്ഞ കൂറ്റന്‍ ടഗ്ഗിന്റെ അടിയില്‍ പെട്ട് കിടന്ന മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ പട്രോള്‍ ബോട്ട് പുറത്തെടുത്ത് കരയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ തുറമുഖ വകുപ്പിലെ ജീവനക്കാരെത്തിയാണ് പട്രോള്‍ ബോട്ട് ടഗ്ഗിനടിയില്‍ നിന്നും പുറത്തെടുത്ത് കരയിലേക്ക് മാറ്റിയത്. മറിഞ്ഞ ടഗ്ഗില്‍ ഉള്ള 4000 ലിറ്റര്‍ ഡീസല്‍ മാറ്റാനുള്ള ശ്രമം ഇന്നും വിജയിച്ചില്ല. തുറമുഖ വകുപ്പ് ഡയറക്ടറുടെ അഭ്യര്‍ഥന ലഭിച്ചതനുസരിച്ച് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ നിന്നെത്തിയ വിദഗ്ധര്‍ ഇന്നലെ വിഴിഞ്ഞെത്തെത്തിയിരുന്നു.
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ടഗ്ഗ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയാലേ ഡീസല്‍ മാറ്റാന്‍ കഴിയുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുമെന്ന് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടിരുന്ന മുംബൈയില്‍ നിന്നുള്ള ബ്രഹ്മാക്ഷര എന്ന കൂറ്റന്‍ ടഗ്ഗ് രണ്ട് ദിവസം മുമ്പ് വെള്ളം കയറി സമീപത്ത് നിറുത്തിയിട്ടിരുന്ന മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ ബോട്ടിന് പുറത്ത് കൂടെ മറിഞ്ഞാണ് കടലില്‍ മുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."