മഹാരാഷ്ട്രയിലെ ജനങ്ങളേയും ശരത് പവാറിനേയും അജിത് ഒരു പോലെ വഞ്ചിച്ചു- സഞ്ജയ് റാവത്ത്
മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളേയും ശരത് പവാറിനേയും ഒരു പോലെ വഞ്ചിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എന്‍.സി.പിയുടെ തീരുമാനത്തിന് പിന്നില്‍ ശരത് പവാറല്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന വട്ട ചര്‍ച്ചയില്‍ അടക്കം അജിത് പവാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷ സംശയാസ്പദമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഒരു അഭിഭാഷകനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് അജിത് പവാര്‍ ഇറങ്ങി. അദ്ദേഹം ഏത് അഭിഭാഷകനോടൊപ്പമായിരുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കി. അജിത് പവാറിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി ഒപ്പം കൂട്ടിയത്. അജിത് പവാര്‍ എന്‍ഫോഴ്‌മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണത്തെ ഭയപ്പെട്ടിരുന്നു- റാവത്ത് പറഞ്ഞു.
അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റത്. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍. എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. നീക്കത്തിന് തന്റെ പിന്തുണയില്ലെന്നാണ് ശരത് പവാര്‍ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."