തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പ്:ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരകള്‍
തിരൂര്‍: ഒന്നര ലക്ഷത്തോളം നിക്ഷേപകരില്‍ നിന്നായി 30 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ജയചന്ദ്രനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരും മൂന്ന് ഏജന്റുമാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്പനി ഡയറക്ടറായിരുന്ന വെട്ടം പരിയാപുരം സ്വദേശി പ്രസാദിനെ ഉപയോഗിച്ച് ജയചന്ദ്രനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നത്.
പ്രസാദ് ജയചന്ദ്രന്റെ ബിനാമിയാണെന്നും ഡയറക്ടര്‍മാരും ഏജന്റുമാരും ആരോപിച്ചു.
ഡയറക്ടര്‍മാരെയും ഏജന്റുമാരെയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജയചന്ദ്രന്‍ കോടികള്‍ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത്.
ഇപ്പോള്‍ ജയചന്ദ്രന്റെ വസ്തുവകകള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള ശ്രമങ്ങളെ പ്രസാദും സംഘവും ചേര്‍ന്ന് ജയചന്ദ്രന്റെ നിര്‍ദേശപ്രകാരം അട്ടിമറിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
പ്രസാദ് ആഢംബര ജീവിതം നയിക്കുകയാണെന്നും നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തിയും ആക്ഷേപിച്ചും പിന്തിപ്പിരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
തങ്ങള്‍ കഴിയാവുന്നത്ര പണം നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള തുക കൂടി നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അത് തടയാനാണ് പ്രസാദും സംഘവും ശ്രമിക്കുന്നത്.
ഇതെല്ലാം ജയചന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലായി ഒന്നരലക്ഷത്തോളം ആളുകളെ വഞ്ചിച്ച ജയചന്ദ്രനെ അറസ്റ്റു ചെയ്യാന്‍ പൊലിസ് അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ടുപോകുമെന്നും ഡയറക്ടര്‍മാരായ കെ.വി ഷാജു, ടി. സനില്‍, ഏജന്റുമാരായ രവീന്ദ്രന്‍, എന്‍. ശശി, നിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."