22 വാര പിച്ചിലെ പെണ്‍ചരിതം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുറച്ചു താരങ്ങള്‍ മുഖ്യധാരയുടെ തിളക്കത്തിലേക്ക് എത്തിച്ചേര്‍ന്ന ദിനങ്ങളാണു കടന്നുപോയത്. ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രകടന മികവും ഇച്ഛാശക്തിയും ഉള്‍ച്ചേര്‍ന്ന പോരാട്ടവീര്യം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ലോകകപ്പ് തുടങ്ങും മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യവും അവര്‍ അതിനു നല്‍കിയ ഉത്തരവും വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകളാണെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
ഇഷ്ടപ്പെട്ട ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിതാലി രാജ് നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിയിരുന്നു. 'ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് ഏതെങ്കിലും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിക്കാറുണ്ടോ?' എന്ന മറുചോദ്യമാണ് അവര്‍ ഉത്തരമായി നല്‍കിയത്. പുരുഷ ക്രിക്കറ്റെന്ന പോലെ വനിതാ ടീമിന്റെ മുന്നേറ്റവും ശ്രദ്ധേയമായ വര്‍ത്തമാനഘട്ടത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ കുറിപ്പ്.
1833ല്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ അടിമത്വം നിരോധിക്കപ്പെട്ട ശേഷമാണ് ക്രിക്കറ്റ് സംഘടിത രൂപത്തില്‍, ഗൗരവരൂപത്തില്‍ കോളനികളില്‍ എത്തിച്ചേരുന്നത്. ബ്രിട്ടീഷ് കോളനികളില്‍ ക്രിക്കറ്റ് വെള്ളക്കാരന്റെ മാത്രം കളിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും വെസ്റ്റിന്‍ഡീസിലെയും കോളനിവാസികള്‍ ആംഗലേയമായ, സങ്കീര്‍ണമായ ക്രിക്കറ്റ് എന്ന കായികരൂപത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ഇന്ത്യയെപ്പോലുള്ള പരമ്പരാഗത സമൂഹങ്ങളില്‍ ഏറെ വൈകിയാണ് വനിതകള്‍ ഈ കായികരൂപത്തെ ഏറ്റെടുത്തത്. അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്.
1750കളില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച വ്യാവസായിക വിപ്ലവം ഇംഗ്ലണ്ടിന്റെ രാഷ്ട്രീയ, സാമ്പത്തിക ചരിത്രത്തില്‍ മാത്രമല്ല സാമൂഹിക, സാംസ്‌കാരിക ചരിത്രത്തിലും നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കി. പ്രധാനമാറ്റം അതു സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവരുടെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു എന്നതായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നടപ്പാക്കിയ ഫാക്ടറി നിയമങ്ങള്‍ വനിതാ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവരുടെ തൊഴില്‍മേഖല അപകടരഹിതമാക്കുകയും ചെയ്തു. വിക്ടോറിയന്‍ കാലഘട്ടമാവുമ്പോഴേക്കും (1837-1901) ശക്തമായ പൊതുമണ്ഡലം ഇംഗ്ലണ്ടില്‍ രൂപം കൊള്ളുകയും സ്ത്രീകള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്തു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ആഭിജാത, കുലീന വര്‍ഗത്തിന്റെ പ്രതിനിധികളായി എത്തിച്ചേര്‍ന്ന ഉദ്യോഗസ്ഥരാണ് കോളനികളില്‍ ക്രിക്കറ്റ് പ്രചരിപ്പിച്ചത്. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന കാലമാകുമ്പോഴേക്കും വിവിധ കായികരൂപങ്ങളിലൂടെ സമൂഹത്തില്‍ തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചു. ഇന്ത്യയിലെത്തിച്ചേര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഭാര്യമാരടക്കമുള്ള വനിതകള്‍ ക്രിക്കറ്റിനെ പ്രണയിക്കാന്‍ തുടങ്ങി.
എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങള്‍ നിലനിന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വളരെ വൈകിയാണ് വനിതാ ക്രിക്കറ്റ് പ്രചരിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ക്രീസിലേക്ക് കാലെടുത്തുവച്ചത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ രക്തരൂക്ഷിതമായ നിരവധി അധിനിവേശ വിരുദ്ധ സമരങ്ങളില്‍ സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നയിച്ച കോളനി വിരുദ്ധ സമരങ്ങളിലും സ്ത്രീസാന്നിധ്യം നിര്‍ണായകമായി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ വനിതാ കായികരംഗം 1970 വരെ മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രി പദവി മധ്യവര്‍ഗ സ്ത്രീകള്‍ക്ക് ആവേശവും പ്രചോദനവുമായി മാറി. ഈ ഘട്ടത്തിലാണ്, 1970കളിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ആരംഭം. 70കളില്‍ ഇന്ത്യ രണ്ട് ഇതിഹാസ വനിതാ താരങ്ങളെ ലോകത്തിനു സംഭാവന ചെയ്തു. ശാന്ത രംഗസ്വാമിയും ഡയാന എഡുല്‍ജിയും. അങ്ങനെ ഗവാസ്‌കറുടെയും വിശ്വനാഥിന്റെയും സ്പിന്‍ മാന്ത്രികരുടെയും കൂടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു. പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ വനിതകള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയ കാലമായിരുന്നു ഇത്. ക്രിക്കറ്റ് സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് ശാന്ത രംഗസ്വാമിയും ഡയാനയും തെളിയിച്ചു. ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ വനിതാ ക്രിക്കറ്ററാണ് ശാന്ത രംഗസ്വാമി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍ ഡയാനയും.
1983ല്‍ കപിലിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീം ലോകകപ്പ് നേടിയതും ടെലിവിഷന്റെ പ്രചാരവും ഇന്ത്യയില്‍ സ്ത്രീകളെയും കൃഷിക്കാരെയും സ്വാധീനിച്ചു. 1983നുശേഷം ക്രിക്കറ്റ് ആസ്വദിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. ഈ വര്‍ധനവ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് ഏറെ ഗുണംചെയ്തു. കളിക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. അവഹേളനങ്ങളെയും പരിഹാസങ്ങളെയും അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റിലേക്ക് എത്തിത്തുടങ്ങി. പിന്നീട് ശ്രദ്ധേയരായ നിരവധി വനിതാ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്തു. വനിതാ ക്രിക്കറ്റിന്റെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ലോക റെക്കോര്‍ഡിട്ട ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ജുലന്‍ ഗോസ്വാമി, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി സെഞ്ച്വറികള്‍ നേടിയ സന്ധ്യാ അഗര്‍വാള്‍, ശുഭാംഗനി കുല്‍ക്കര്‍ണി, അഞ്ജു ജെയിന്‍, ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിച്ച പുതിയ ബാറ്റിങ് സെന്‍സേഷനുകളായ സ്മൃതി മന്ധന, ഹര്‍മന്‍പ്രീത് കൗര്‍, ഏക്താ ബിഷ്ട്...പട്ടിക നീളുകയാണ്.
11 ലോകകപ്പുകള്‍ കഴിഞ്ഞു. നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ കളിച്ചു. ഒപ്പം ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളും. 2005ലും 2017ലും ലോകകപ്പ് ഫൈനല്‍ വരെ ഇന്ത്യന്‍ ടീമെത്തി. 2013ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ എണ്ണം വര്‍ധിച്ചു. ഒപ്പം കളിക്കാരുടെയും. അവരുടെ തൊഴിലവസരങ്ങളും വര്‍ധിച്ചു. എന്നിട്ടും പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു ഇതുവരെ. പുരുഷ-സ്ത്രീ സാക്ഷരതയില്‍ ഭീകരമായ അന്തരം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, ഭ്രൂണഹത്യ ഇപ്പോഴും സംഭവിക്കുന്ന നമ്മുടെ നാട്ടില്‍ ക്രിക്കറ്റിന്റെ മാത്രമല്ല വനിതാ കായികരൂപങ്ങളില്‍ ഒന്നിന്റെയും വളര്‍ച്ച പലപ്പോഴും എളുപ്പമായിരിക്കില്ല. ഏതൊരു കായികരൂപത്തിന്റെയും വളര്‍ച്ചയ്ക്കു വന്‍ വിജയങ്ങളാവശ്യമാണ്. അത്തരം വിജയങ്ങളാണ് ഒരു കായികരൂപത്തിന്റെ ഉയിര്‍പ്പിനു വളമാകുന്നത്. സമാനമായൊരു മുന്നേറ്റമാണു സമീപദിവസങ്ങളില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ അരങ്ങേറിയ ലോകകപ്പില്‍ നടത്തിയത്. വ്യക്തിഗത മികവിന്റെ ഉജ്ജ്വലമായ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയെ ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ച താരങ്ങള്‍ 125 കോടി ജനതയുടെ ഹൃദയങ്ങളും കീഴടക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."