കലക്കോട്ട ഉയരും ഇനി കാസ്രോട്ട്
സാംസ്‌കാരിക വൈവിധ്യത്തിന്റേയും കോട്ടകളുടേയും കഥകളോതിയ തേജ്വസനി പുഴയോരങ്ങള്‍ ഇനി ഒരു കലോത്സവത്തിന്റെ കഥകൂടി പറയാനൊരുങ്ങുകയാണ്. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാമാങ്കക്കഥ. മങ്ങിയ ഓര്‍മയാണ് കാസര്‍കോട്ടുകാര്‍ക്ക് മുന്‍പ് നെഞ്ചേറ്റിയ ഒരു കലോത്സവം. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തുളുനാട് കലോത്സവ വേദിയില്‍ നിന്നുള്ള ചിലങ്കനാദവും ഇശല്‍ ഈണങ്ങളും നൂപുരധ്വനികളും കേട്ടത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ. പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ചില ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്ന ഓര്‍മയിലെ വര്‍ണകാഴ്ചകള്‍. അന്ന് കണ്ണഞ്ചിപ്പിക്കുന്ന ചാനല്‍ കാഴ്ചകളില്ലായിരുന്നു. അരങ്ങിലേയും അണിയറയിലേയും ഓര്‍മകള്‍ക്കെല്ലാം ഇടകലര്‍ന കറുപ്പും വെളുപ്പും മാത്രം. മൂന്നു പതിറ്റാണ്ടിനു ശേഷം സ്‌കൂള്‍ കലോത്സവം വിണ്ടും കാസര്‍കോട് എത്തിയപ്പോള്‍, അന്ന് അരങ്ങിലെത്തിയവരൊക്കെ ഇന്ന് 40 പിന്നിട്ടു. ലോകം മാറി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും ബഹുവര്‍ണങ്ങളുടെ ലോകത്തേക്ക്. കാസര്‍കോടും മാറി. കേരളത്തിലെ മറ്റേത് ജില്ലയേയും കിടപിടിക്കുന്ന മാറ്റത്തിന് ഈ വടക്കന്‍ ജില്ലയും സാക്ഷ്യംവഹിച്ചു. ഷൊര്‍ണൂരില്‍ നിന്നും ഇഴഞ്ഞു നീങ്ങിയ തീവണ്ടി യാത്ര പഴയ കലോത്സവ പ്രതിഭകളുടെ മനസിലുണ്ടാകാം. എന്നാല്‍ കൊങ്കണിലേക്ക് നീളുന്ന റെയില്‍ പാളത്തിലൂടെ കാസര്‍കോടന്‍ തീരഭൂമിയില്‍ ഇന്ന് ഇടതടവില്ലാതെ ഉയരുന്നുണ്ട് തീവണ്ടിയുടെ ചൂളംവിളി.
ഇവിടെ ജീവിതവും മാറി. പുകയില കൃഷിയും കശുവണ്ടിയുമൊക്കെ നാടുനീങ്ങി. വികസനം അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്തു നിന്നും എത്തി. മാറാതെ ഒന്നുണ്ട്. സപ്തഭാഷാ സംഗമ ഭൂമിയുടെ പൈതൃക പെരുമ.
ഭാഷാസാംസ്‌കാരിക
വൈവിധ്യ ഭൂമി
അലാമിക്കളിയും മംഗലംകളിയും മാവിലന്‍പാട്ടും മതമൈത്രി വിളിച്ചോതുന്ന ആലിച്ചാമുണ്ഡിയും മുക്രിപ്പോക്കറും ബപ്പിരിയന്‍ തെയ്യവും ഉമ്മച്ചിത്തെയ്യവുമെല്ലാം ചേര്‍ന്ന സംസ്‌കാര വൈവിധ്യത്തിന്റെ നാടാണ് കാസര്‍കോട്. മലയാളം മാതൃഭാഷയല്ലാതിരുന്നിട്ടും മലയാളികളെ നെഞ്ചോട് ചേര്‍ത്ത കന്നഡയും തുളുവും കൊങ്ങിണിയും ബ്യാരിയും സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍.
ബെയ്ച്ചാ, അവ്ത്ത്ക്ക് ബാ, ബേങ്കീ... അല്ലാങ്ക് ബയ്യും എന്നൊക്കെപ്പറഞ്ഞ് ആരേയും ചേര്‍ത്തുപിടിക്കുന്ന കസ്രോട്ടുകാര്‍. പോടിയും ഗോളിബജ്ജിയും വാങ്ങിത്തരുന്നവര്‍. നാടുമുഴുവന്‍ കോട്ടകളുള്ള കാസര്‍കോടിന്റെ സ്‌നേഹത്തെ, ആതിഥ്യ രീതികളെക്കുറിച്ച് പറയാനേറെയുണ്ട്. വര്‍ണങ്ങള്‍ നിറഞ്ഞ മനോഹരമായ പൂക്കളും നല്ല അസല് അവില്‍ മില്‍ക്കും, കാസ്രോടന്‍ സാരിയും, തളങ്കരത്തൊപ്പിയും കിട്ടുന്ന കാസ്രോട്ടേക്ക് എത്തുന്ന പ്രതിഭകളെയെല്ലാം ചേര്‍ത്തുപിടിച്ച് സ്‌നേഹം പകരാന്‍ ഈ നാട് ഒരുങ്ങിയിരിക്കുകയാണ്.
കാഴ്ചകള്‍ക്ക് വര്‍ണപകിട്ട് ചാര്‍ത്തുന്നതിനു മുന്‍പാണ് ഈ ദേശം ഒരു കലോത്സവത്തിന് ആതിഥ്യം വഹിച്ചത്. 1991ലാണ് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേരളത്തിന്റെ വടക്കേ അറ്റത്തുന്നുള്ള ഈ നാട് ആതിഥ്യമരുളിയത്.
'91 ഒരു
ബ്ലാക്ക് ആന്‍ഡ് വൈറ്റ്
ഓര്‍മ
1991 ഫെബ്രുവരി 5 മുതല്‍ 9 വരെ കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്തിലായിരുന്നു 31-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയായത്. 67 ഇനങ്ങളില്‍ ആറു വേദികളിലായി 2500ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. കപ്പ് കോഴിക്കോടിന്. എറണാകുളത്തിനും തൃശൂരിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ആതിഥേയരായ കാസര്‍കോട് പത്താം സ്ഥാനത്ത്. ദേശീയ ഗാന മത്സരത്തിലൂടെ ലഭിച്ച ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിനെ പിന്തള്ളി കോഴിക്കോട് സ്വര്‍ണകപ്പില്‍ മുത്തമിട്ടത്. 1959ല്‍ ചിറ്റൂരില്‍ നടന്ന മൂന്നാം യുവജോത്സവത്തില്‍ ജേതാക്കളായശേഷം മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കോഴിക്കോട് സ്വര്‍ണകപ്പില്‍ കാസര്‍കോട് വച്ച് മുത്തമിട്ടതും.
ഘോഷയാത്രയും
വെടിക്കെട്ടും;
പിന്നെ കലയുടെ പൂരം
31-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മേളയുടെ ഭാഗമായി കാസര്‍കോടിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഘോഷയാത്ര കാസര്‍കോട്ടുകാര്‍ ഒരിക്കലും മറക്കില്ല. നിരവധി യാത്രകളുടെ തുടക്കത്തിന് ഈ നാട് സാക്ഷ്യം വഹിച്ചിട്ടിട്ടുണ്ടെങ്കിലും നാടിന്റെ ഗന്ധമറിഞ്ഞ ഘോഷയാത്രയായിരുന്നു അത്. തുളുനാടിന്റെ തനത് കലാരൂപമായ യക്ഷഗാനം നിശ്ചലദൃശ്യത്തിലൂടെ കാസര്‍കോട്ടുകാര്‍ ലോകത്തിന് കാട്ടികൊടുത്തു. പിന്നെ തെയ്യം, വടക്കേ മലബാറിലെ വിവിധ കലാരൂപങ്ങള്‍... എല്ലാം ഘോഷയാത്രക്കൊപ്പം വിസ്മയ കാഴ്ചയൊരുക്കി ഒഴുകി നീങ്ങി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നു പുറപ്പെട്ട് എം.ജി റോഡിലൂടെ കടന്ന് ബാങ്ക് റോഡ് കറന്തക്കാട് വഴി താളിപ്പടുപ്പിലെ പ്രധാനവേദിയില്‍ സാംസ്‌കാരിക ഘോഷയാത്ര എത്തിയപ്പോള്‍ ഗംഭീരമായ വെടിക്കെട്ടും അരങ്ങേറി. നഗരത്തിലെ വ്യാപാരികളുടെ വകയായിരുന്നു വെടികെട്ട്.
ഘോഷയാത്രയുടെ മുന്‍പില്‍ അപ്പോളോ സര്‍ക്കസിലെ ഗജവീരന്‍മാര്‍, താലപ്പൊലിയേന്തിയ യുവതികള്‍, മുത്തുകുടകള്‍ ഏന്തിയ 31 ബാലികമാര്‍, ഓലക്കുടകളേന്തിയ സ്ത്രീകളും ഘോഷയാത്രക്കൊപ്പം അടിവച്ചു.
കാസര്‍കോട്ടെ പന്തല്‍ ചരിത്രം
സ്‌കൂള്‍ കലോത്സവത്തിന്റെ 31 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പന്തലായിരുന്നു കാസര്‍കോട് അന്ന് ഒരുങ്ങിയത്. താളിപ്പടുപ്പിലെ മുഖ്യവേദിക്ക് ഒരുക്കിയത് അഞ്ചുനില പന്തലായിരുന്നു. 7500 പേര്‍ക്കിരുന്നു മത്സരങ്ങള്‍ വീക്ഷിക്കാം. ഇതിനു ശേഷമുള്ള കലോത്സവ പന്തലുകള്‍ക്ക് വിശാലതയും ഭംഗിയും കൂടിക്കൊണ്ടിരിക്കുന്നു. 60-ാമത് സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ഐങ്ങോത്ത് മൈതാനത്ത് ഉയരുന്നത് 4500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ്. ഇതും വലുപ്പത്തില്‍ മുന്നില്‍ തന്നെ.
91ല്‍ മുഖ്യവേദിയില്‍ നിറഞ്ഞുനിന്നിരുന്നത് കാസര്‍കോടിന്റെ സാംസ്‌കാരിക ചക്രവാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രകവി ഗോവിന്ദ പൈ, മഹാകവി കുട്ടമ്മത്ത്, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, കന്നഡ, മലയാളം ഭാഷകള്‍ക്ക് ഇടയില്‍ പാലമായി വര്‍ത്തിച്ച പ്രശസ്ത കവി ടി. ഉബൈദ്, ദേശീയ പ്രസ്ഥാനത്തിലെ സാംസ്‌കാരിക തേജസ് വിദ്വാന്‍ എല്‍.പി കേളുനായര്‍, യക്ഷഗാനത്തിന്റെ പിതാവ് പാര്‍ഥി സുബ്ബ തുടങ്ങിയവരുടെ ഛായാ ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ കലോത്സവവേദികളുടെ നാമങ്ങളും ഈ മഹാരഥന്‍മാരുടെ പേരിലാകും അറിയപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."