പ്രശ്‌നമുണ്ടെങ്കില്‍ പരിഹാരവും ഉണ്ട്
പാവം കുഞ്ഞിത്തത്ത. ക്രൂരനായ ആ കരിമ്പൂച്ച എത്ര ക്രൂരമായിട്ടാണ് അതിനെ കടിച്ചുതിന്നത്..! ശിഷ്യന് അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്തുണ്ടായിരുന്ന ഗുരുവിനോട് അവന്‍ ചോദിച്ചു: ''ഗുരോ, ദൈവം കാരുണ്യവാനാണെന്നല്ലേ അങ്ങ് പറയാറുള്ളത്.. കാരുണ്യവാനാണെങ്കില്‍ ഈ തത്തയോട് എന്തു കാരുണ്യമാണ് അവന്‍ ചെയ്തിട്ടുള്ളത്..?''
ചോദ്യം കേട്ട ഗുരു ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു: ''ദൈവം കാരുണ്യവാനായതുകൊണ്ടല്ലേ തത്തയ്ക്ക് രണ്ടു ചിറകുകള്‍ കൊടുത്തത്.. ആ ചിറകുകള്‍ തത്ത ഉപയോഗപ്പെടുത്താത്തതിന് ദൈവം എന്തു പിഴച്ചു...?''
പൂച്ചയ്ക്ക് കൂര്‍ത്ത പല്ലും നഖവുമുണ്ടെങ്കില്‍ തത്തയ്ക്ക് കരുത്തുറ്റ ചിറകുകളുമുണ്ട്. പൂച്ച പൂച്ചയുടേത് ഉപയോഗപ്പെടുത്തിയപ്പോള്‍ അതിന് അന്നം കിട്ടി. തത്ത തത്തയുടേത് ഉപയോഗപ്പെടുത്താതിരുന്നപ്പോള്‍ അതിന് അന്നമാകേണ്ടി വന്നു. ഏതവസ്ഥയിലും ദൈവം കാരുണ്യവാന്‍ തന്നെ.
പ്രശ്‌നങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന ദൈവം പരിഹാരങ്ങളും തന്നുകൊണ്ടിരിക്കുന്നുണ്ട്. പരിഹാരങ്ങള്‍ ചികയാതെ പ്രശ്‌നങ്ങള്‍ മാത്രം നോക്കി ദൈവത്തെ പഴി പറയരുത്. വൈറസുണ്ടെങ്കില്‍ ആന്റി വൈറസുമുണ്ട്. വൈറസ് മാത്രം കണ്ടാല്‍ പോരാ. ആന്റി വൈറസുകള്‍ കൂടി കാണണം. രോഗമുണ്ടെങ്കില്‍ മരുന്നുമുണ്ട്. മരുന്നില്ലാത്ത രോഗം എന്നു പറയരുത്. മരുന്ന് കണ്ടെത്തപ്പെടാത്ത രോഗം എന്നു പറഞ്ഞാല്‍ മതി. തടസമുണ്ടെങ്കില്‍ തുറസുമുണ്ട്. രാവുണ്ടെങ്കില്‍ പകലുമുണ്ട്. ഇരുട്ടുണ്ടെങ്കില്‍ വെളിച്ചവുമുണ്ട്. വാളുണ്ടെങ്കില്‍ പരിചയുമുണ്ട്. വിശപ്പും ദാഹവുമുണ്ടെങ്കില്‍ അന്നവും പാനീയവുമുണ്ട്. ചൂടുണ്ടെങ്കില്‍ ചൂടകറ്റാന്‍ തണുപ്പുണ്ട്. തുണുപ്പുണ്ടെങ്കില്‍ തണുപ്പകറ്റാന്‍ ചൂടുമുണ്ട്. കാഴ്ചയില്ലെങ്കില്‍ കാഴ്ചയുള്ളവരുണ്ട്. അറിവില്ലെങ്കില്‍ അറിവുള്ളവരുണ്ട്. ചവറുകള്‍ മാത്രമേയുള്ളൂവെങ്കില്‍ നമുക്ക് പരാതിപ്പെടാമായിരുന്നു. പക്ഷേ, പരിഹാരത്തിന് ചൂലുണ്ടല്ലോ.
ഗര്‍ഭാശയത്തില്‍ ഒരു കുഴലിലൂടെയായിരുന്നു ദൈവം അന്നപാനീയങ്ങള്‍ തന്നുകൊണ്ടിരുന്നത്. ഭക്ഷണത്തിന്റെ ആകെയുള്ള ആ വഴി പ്രസവത്തോടെ അടഞ്ഞുപോകുന്നു. അടഞ്ഞപ്പോള്‍ പരിഹാരമായി അന്നപാനീയത്തിന്റെ രണ്ടു വഴികള്‍ അവന്‍ നല്‍കിയനുഗ്രഹിച്ചു. അതാണ് മാതാവിന്റെ മാറിടത്തില്‍ തുടിച്ചുനില്‍ക്കുന്ന സ്തനങ്ങള്‍. ഏകദേശം രണ്ടുവര്‍ഷം നമ്മുടെ ഉപജീവനം ആ രണ്ടു വഴിയിലൂടെയായിരുന്നു. കാലാവധി കഴിഞ്ഞാല്‍ ആ വഴിയും അടയും. അടഞ്ഞാല്‍ ഭക്ഷണത്തിന്റെ നാലു വഴികളാണ് അവന്‍ തുറന്നു തരുന്നത്. സസ്യാഹാരം, മാംസാഹാരം, പച്ചപ്പാനീയം. മറ്റു പാനീയങ്ങള്‍. മരണം വരെ അതിലേതും കഴിക്കാം. മരണത്തോടെ ആ നാലുവഴിയും അടയും. പിന്നെ തുറക്കപ്പെടുന്നത് എട്ടു വഴികളാണ്. അതാണ് ദൈവത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങള്‍. അവന്‍ പറഞ്ഞതനുസരിച്ചു ജീവിക്കുന്നവര്‍ക്ക് അതിലേതിലൂടെയും കടക്കാന്‍ കഴിയും. അവിടെ എത്തിക്കഴിഞ്ഞാല്‍ എന്തുമാകാം. അന്നപാനീയത്തിന്റെ അനന്തമായ ലോകങ്ങളാണ് അവിടെ തുറക്കപ്പെടുന്നത്. അവിടെ മരണമില്ല. എന്നെന്നും സുഖാനന്ദജീവിതം.
ഭക്ഷണത്തിന്റെ ഒരു വഴി അടഞ്ഞപ്പോള്‍ രണ്ടു വഴി തുറന്നു തന്നു. രണ്ടു വഴി അടഞ്ഞപ്പോള്‍ നാലുവഴി... നാലുവഴി അടഞ്ഞപ്പോള്‍ എട്ടു വഴി. പ്രശ്‌നങ്ങള്‍ കുറച്ചേയുള്ളൂവെങ്കില്‍ പരിഹാരങ്ങള്‍ കൂടുതലാണ്. രോഗമുണ്ടാകുന്നത് വല്ലപ്പോഴുമാണെങ്കില്‍ ആരോഗ്യം പലപ്പോഴുമാണ്. അസ്വസ്ഥത ഇത്തിരിയേയുള്ളൂവെങ്കില്‍ ആശ്വാസം ഒത്തിരിയാണ്.
പൂച്ചയുടെ പല്ലും നഖവും മാത്രം നോക്കി ദൈവത്തെ വിലയിരുത്തരുത്. തത്തയുടെ ചിറകും കാണണം.. അപ്പോഴേ അവന്റെ കാരുണ്യം കാണുകയുള്ളൂ. പരിഹാരങ്ങള്‍ സംവിധാനിച്ച സ്ഥിതിക്ക് പരാതിപ്പെടാന്‍ വകുപ്പില്ല.
രാജാവ് തന്റെ അടിമയ്ക്ക് വിത്തും കൈക്കോട്ടും നല്‍കി. പാടവും പാടവവും നല്‍കി. ആരോഗ്യവും സമയവും കൊടുത്തു. എന്നിട്ടും എനിക്ക് രാജാവ് അന്നം തരുന്നില്ലെന്നു പറഞ്ഞ് കരഞ്ഞാര്‍ത്തിട്ടു വല്ല കാര്യവുമുണ്ടോ...? ഭക്ഷണം മുന്നില്‍വച്ചു കൊടുത്തിട്ടും എടുത്തു കഴിക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടെന്തു ഫലം..? പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അതുപയോഗപ്പെടുത്താത്തതിന്റെ പേരില്‍ തോറ്റുപോയതിന് അധ്യാപകരെ പഴി പറഞ്ഞിട്ടുണ്ടോ വല്ല നേട്ടവും..?
മഴ പെയ്യുമ്പോള്‍ തുറക്കാനുള്ളതാണു കുട. അതു തുറക്കാതെ മഴ കൊള്ളുന്നേയെന്ന് പറഞ്ഞ് കരയരുത്. ആവശ്യം വരുമ്പോള്‍ തുറക്കാനുള്ളതാണ് ബുദ്ധി. അതുപയോഗപ്പെടുത്താതെ കുടുങ്ങിയേ എന്നു പറഞ്ഞ് വിലപിക്കരുത്. കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും പിടിക്കാന്‍ കൈയ്യും നടക്കാന്‍ കാലും തിന്നാല്‍ വായയും വാസനിക്കാന്‍ നാസികയും ചിന്തിക്കാന്‍ ബുദ്ധിയും തന്നത് ആവശ്യം വരുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ തന്നെയാണ്.
കൈയ്യില്‍ ആയുധമുണ്ടായിട്ടും അതുപയോഗപ്പെടുത്താത്തതിനാല്‍ സിംഹത്തിന്റെ വായിലകപ്പെട്ടുവെന്നു കരുതുക. ഇവിടെ സിംഹമാണോ അതോ ബുദ്ധിഹീനത പ്രകടിപ്പിച്ച വ്യക്തിയാണോ കുറ്റവാളി..? സിംഹം അതിന്റെ പണിയാണു ചെയ്തത്. എന്നാല്‍ അയാള്‍ തന്റെ പണി ചെയ്‌തോ..?
പല്ലും നഖവുമായി പ്രശ്‌നങ്ങളും പ്രയാസങ്ങളും നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതില്‍നിന്നു രക്ഷനേടാന്‍ പരിഹാരങ്ങളാകുന്ന ചിറകുകള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. അതുപയോഗപ്പെടുത്താതെ ദൈവം എന്നോട് ക്രൂരത കാണിച്ചു എന്നു പറഞ്ഞു പരാതിപ്പെട്ടാല്‍ പരിഹാരമാവില്ല. ആയുധം കിട്ടിയിട്ടുണ്ടെങ്കില്‍ അതുപയോഗപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."