കൊളംബിയയില്‍ മൂന്നു പൊലിസുകാര്‍ കൊല്ലപ്പെട്ടു
ബൊഗോട്ട: സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ സംഘടിച്ച ആയിരങ്ങള്‍ തെരുവുകള്‍ കൈയടക്കിയ കൊളംബിയയില്‍ പൊലിസ് സ്റ്റേഷനു നേരെ ആക്രമണം. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തില്‍ മൂന്നു പൊലിസുകാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സിറ്റി സെക്രട്ടറി ജെയിം ആസ്പ്രില്ല പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തിനും അക്രമങ്ങള്‍ക്കും കുപ്രസിദ്ധമായ സാന്താന്ടര് ഡെ കിലിച്ചാവോ നഗരത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം.
വെള്ളിയാഴ്ച തലസ്ഥാനമായ ബൊഗോട്ടോയിലേക്ക് രണ്ടര ലക്ഷത്തോളം ആളുകള്‍ മാര്‍ച്ച് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 122 പ്രക്ഷോഭകര്‍ക്കും 151 സുരക്ഷാ സൈനികര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 98 പേരെ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന അഭ്യൂഹം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. പ്രസിഡന്റ് ഇവാന് ഡക്ക് ഇതു നിഷേധിച്ചെങ്കിലും അഴിമതിക്കെതിരേ നടപടിയെടുക്കാത്തതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടി ആളുകള്‍ തെരുവിലിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."