HOME
DETAILS
MAL
ഉന്നാവോ പീഡനം: വാഹനാപകട കേസിലെ മുഖ്യസാക്ഷിക്ക് നേരെയും വധശ്രമം
backup
November 24 2019 | 01:11 AM
ലഖ്‌നൗ: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലെ മുഖ്യസക്ഷി അവ്‌ധേശ് കുമാറിന് നേരെയും വധശ്രമം. ഇതുസംബന്ധിച്ച് ഉന്നാവൊ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ഉന്നാവൊ പെണ്‍കുട്ടിയുടെ അമ്മാവന്‍ രാജേഷിനൊപ്പം അവ്‌ധേശ് യാത്രചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കാറിന് നേരെ ദുരൂഹസാഹചര്യത്തില്‍ ട്രക്ക് വരുന്നത് കണ്ടയുടന്‍ ഇവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കു ചാടിയതിനാല്‍ രണ്ടുപേരും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ട്രക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഇതേതുടര്‍ന്ന് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
ഈ വര്‍ഷം ജൂലൈയില്‍ അഭിഭാഷകനും ബന്ധുക്കള്‍ക്കുമൊപ്പം ഉന്നാവൊ പെണ്‍കുട്ടി യാത്രചെയ്യുകയായിരുന്ന കാറും അപകടത്തില്‍പ്പെട്ടിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ട്രക്ക് ഇടിച്ചതിനെത്തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന രണ്ടുബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങിനെതിരെ അപകടവുമായി ബന്ധപ്പെട്ട സംഭവത്തിലും കേസെടുത്തിരുന്നു. എം.എല്‍.എയുടെ സഹോദരന്‍ ആണ് അപകടക്കേസിലെ മുഖ്യപ്രതി. അപകടക്കേസില്‍ എം.എല്‍.എ അടക്കം പത്തുപേരാണുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജോലിയാവശ്യാര്‍ഥം വീട്ടിലെത്തിയ 17കാരിയായ പെണ്‍കുട്ടിയെ 2017 ജൂണില്‍ സ്വവസതിയില്‍ വച്ചാണ് കുല്‍ദീപ് സിങ് ലൈംഗികമായി പീഡിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."