ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം: ഇരു സര്‍ക്കാരുകള്‍ക്ക് ആക്ഷന്‍ കമ്മിറ്റിയുടെ അഭിനന്ദനം
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കാനും ചെലവിന്റെ പകുതി തുക നല്‍കാനും തയാറായ കേന്ദ്ര-കേരളാ സര്‍ക്കാരുകളെ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വെ ആക്ഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.
ബന്ദിപ്പൂര്‍, വയനാട് വന്യജീവി സങ്കേതങ്ങളിലായി ഒരു കിലോമീറ്റര്‍ വീതം നീളമുള്ള അഞ്ച് മേല്‍പ്പാലങ്ങളും വന്യമൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഇരുമ്പ്, ജൈവ വേലിയുമടക്കമുള്ള സംവിധാനമാണ് നിര്‍ദേശിച്ചിട്ടുള്ളത്. മേല്പ്പാലങ്ങള്ക്കടിയിലുള്ള റോഡ് കാടാക്കി മാറ്റാനും നിര്‍ദേശമുണ്ട്. ഏകദേശം 458 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. സുപ്രീം കോടതി സമിതിയുടെ മുമ്പാകെ ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശത്തിനുള്ള അംഗീകാരം കൂടിയാണ് ഈ റിപ്പോര്‍ട്ട്. പദ്ധതി ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ബാക്കി തുക കേരള സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ.
ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഇതോടെ പദ്ധതിക്കുള്ള സാമ്പത്തിക തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്. സുപ്രിം കോടതി സമിതി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. സുപ്രിം കോടതി സമിതിയുടെ തീരുമാനം അട്ടിമറിക്കുന്നതിനായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചില ലോബികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മാസം ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കളും പങ്കെടുത്ത സായാഹ്ന ധര്‍ണയും നടത്തിയിരുന്നു. സുപ്രിം കോടതി സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചതിലൂടെ രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കാനുള്ള വഴി തുറന്നതായി ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടല്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അംഗീകാരം ലഭിച്ച പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരിന്റെ കൂടി അംഗീകാരം ലഭിക്കാനായി ചര്‍ച്ചകള്‍ നടത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ മത്തായി, വി. മോഹനന്, എം.എ അസൈനാര്‍, ജോസ് തണ്ണിക്കോട്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, ഡോ. തോമസ് മോഡിശ്ശേരി, ജോയിച്ചന്‍ വര്‍ഗീസ്, ജേക്കബ് ബത്തേരി, ഇ.പി മുഹമ്മദാലി, പി.എം ജോസ്, സംഷാദ്, അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."