തമിഴ്‌നാട് വെള്ളം കടത്തുന്നത് തടയും: ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം രൂപവത്കരിക്കും
പാലക്കാട്: കാവേരി നദിയില്‍ നിന്നും സുപ്രിംകോടതി വിധി ലംഘിച്ച് ഭവാനിപുഴയിലേയ്ക്ക് വെള്ളമെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് ഗൗരവമായി കാണണമെന്ന് പാലക്കാട് ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. തമിഴ്‌നാട് വെള്ളം ചോര്‍ത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്താനായി ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം രൂപവത്കരിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം തീരുമാനിച്ചു. പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ കൃത്യമായി പാലിക്കുന്ന കേരളം വരള്‍ച്ച രൂക്ഷമായി ഭാരതപ്പുഴ വരണ്ട് കിടക്കുമ്പോള്‍ പോലും അനധികൃതമായി വെള്ളമെടുക്കാറില്ല. ഈ സാഹചര്യത്തില്‍ ബേസിന്‍ മാറ്റി വെള്ളം കൊണ്ടുപോകുന്ന തമിഴ്‌നാടിന്റെ നിലപാടിനോട് മൃദുസമീപനമെടുക്കുന്നത് ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.
മലമ്പുഴ ഒന്നാം പുഴയില്‍ നിന്നും പാലാര്‍, നെല്ലാര്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ വെള്ളം ഗതിമാറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഗതിമാറ്റം നടത്തിയാല്‍ ഭാരതപ്പുഴ ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവും. വെള്ളവുമായി ബന്ധപ്പെട്ട ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതിന് മുമ്പ് സര്‍ക്കാര്‍തലത്തില്‍ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടതാണ്. ഇക്കാര്യം എം.പി.മാരുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരാണ് ജില്ലാ വികസന സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."