ചിത്രയുടെ കാര്യത്തില്‍ തീരുമാനമായി; ലണ്ടനില്‍ മത്സരിക്കാനാവില്ല
ന്യൂഡല്‍ഹി: ഏറെ നാളായി വിവാദങ്ങള്‍ക്കിടയാക്കിയ പി.യു ചിത്രയുടെ ലോക അത്‌ലറ്റിക് മീറ്റിലെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ തീരുമാനമായി. ചിത്രയെ ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക ഫെഡറേഷന്‍ തള്ളി. സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് കത്ത് തള്ളിയത്. ഇതോടെ മലയാളി താരം പി.യു ചിത്രക്ക് ലണ്ടനില്‍ വച്ച് നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസാന അവസരവും അസ്ഥാനത്തായത്. വെള്ളിയാഴ്ചയാണ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.
ഏറെ വാഗ്വാദങ്ങള്‍ക്ക് ശേഷം ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് അന്താരാഷ്ട്ര അത്‌ലറ്റിക ഫെഡറേഷന് കത്ത് നല്‍കിയത്.
യോഗ്യതയില്ലാത്തതിനാലാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതെന്നാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇതില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയും കായിക രംഗത്തെ പ്രമുഖരുമടക്കം കേന്ദ്രത്തെ സമീപിച്ചിരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതുകൊണ്ട് മാത്രം ഒരു അത്‌ലറ്റിനെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കിയത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലാണ് പി.യു ചിത്ര സ്വര്‍ണം നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയുടെ പ്രകടം നിലവാരമുള്ളതായിരുന്നില്ല എന്നാണ് ഫെഡറേഷന്‍ പറയുന്ന ന്യായം.
ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താല്‍പര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി ചിത്രയെ ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ലോക അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് കത്ത് നല്‍കിയത്. ആ കത്താണ് ഇന്ന് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."