രാഷ്ട്രീയക്കരുനീക്കങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്ര; എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടല്‍ മാറ്റി പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി നാളെ തീരുമാനമെടുക്കാനിരിക്കെ എം.എല്‍.എമാരെ ഹോട്ടലുകളിലൊളിപ്പിച്ച് പ്രതിപക്ഷം. മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലുകളിലേക്കാണ് എന്‍.സി.പി തങ്ങളുടെ 50 എം.എല്‍.എമാരെ മാറ്റിയത്. നേരത്തെ ഇവര്‍ റിനൈസന്‍സ് ഹോട്ടലിലായിരുന്നു. അതേസമയം, ദ് ലളിത് ഹോട്ടലിലാണ് ശിവസേന എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ജെ.ഡബ്ല്യു മാരിയറ്റ് എന്ന ഹോട്ടലിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുള്ളത്.
അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഞായറാഴ്ച സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം. വിഷയത്തില്‍ നാളെ പത്തരയോടെ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ്-എന്‍.സി.പി- ശിവസേന എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടരുന്നതിനിടെയാണ് കോടതി വിധി പറയുന്നത് നാളേക്കു നീട്ടിയത്. ഫലത്തില്‍ ഇത് ബി.ജെ.പിക്ക് അനുഗ്രഹമായിരിക്കുകയാണ്. ഹരജി പരിഗണിച്ച കോടതി, ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാതെയും ഇടക്കാല വിധി പുറപ്പെടുവിക്കാതെയും നാളത്തേക്ക് നീട്ടിവച്ചതോടെ ഫലത്തില്‍ ബി.ജെ.പിക്ക് ഒരുദിവസം കൂടി ലഭിച്ചിരിക്കുകയാണ്. നാളെ കോടതി വിധിപുറപ്പെടുവിക്കുമ്പോള്‍ എത്ര ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണോ ഉത്തരവ് പുറപ്പെടുവിക്കുന്നത് അത്രദിവസവും ബി.ജെ.പിയ്ക്ക് അധികമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."