തിരൂരില്‍ വ്യാപക അക്രമം; മൂന്നുപേര്‍ അറസ്റ്റില്‍
തിരൂര്‍: ഹര്‍ത്താലിനെ തുടര്‍ന്നു തിരൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമം. ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജങ്ഷന്, താഴെ പാലം ജങ്ഷന്, ബോയ്സ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ബി.ജെ.പി അക്രമമുണ്ടായത്.
ബി.ജെ.പി പ്രവര്‍ത്തകരെ നേരിടാന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ബൈക്ക് തടയുന്നതു ചോദ്യം ചെയ്യാനെത്തി ആയുധം വീശിയതിനു മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണംകുളം സ്വദേശി ഖാദര്‍ബാഷ (48), പൂക്കൈത സ്വദേശി ആശിഖ് ബാബു (36), കണ്ണംകുളം ഉനൈസ് (24) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സംഭവങ്ങളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു കേസുകള്‍ ബി.ജെ.പിക്കാര്ക്കെതിരേയും ഒരു കേസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേയുമാണ്. നഗരത്തിലും പരിസരങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വാഹനങ്ങള്‍ തടഞ്ഞതിനും ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തതിനും തിരൂര്‍ തെക്കുംമുറിയിലെ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം റോഡ് ഉപരോധിച്ചു പ്രശ്നങ്ങളുണ്ടാക്കിയ കണ്ടാലറിയാവുന്ന 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും ബൈക്കുകള്‍ തടഞ്ഞതിന് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."