വയനാട്ടുകാരുടെ വിദഗ്ധ ചികിത്സയ്ക്ക് ഇനിയെത്ര കാലം?
പഴയ തിരുവിതാംകൂര്‍ ഭരണനാളുകളുടെ സുഖസ്മൃതിയിലാണിപ്പോഴും അനന്തപുരിയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരികള്‍ എന്നുവേണം കരുതാന്‍. 1956 നവംബര്‍ ഒന്നിന് പിറന്നുവീണ കേരളം വാര്‍ദ്ധക്യത്തോടടുത്തിട്ടും വികസനം മുഴുക്കെ ഇപ്പോഴും തൃശൂര്‍വരെ വന്നുനില്‍ക്കുകയാണ്. സംസ്ഥാനം വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറയുമ്പോഴും മലബാറില്‍ ഇതിന്റെ അനുരണനങ്ങള്‍പോലും അറിയാനാവുന്നില്ല. സര്‍ക്കാര്‍ മേഖലയില്‍ ആറ് മെഡിക്കല്‍ കോളജുകളുള്ളപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് വയനാട്ടുകാര്‍ക്കും മലബാറുകാര്‍ക്കുള്ള ഏക ആശ്രയം. മലബാറിനെ ഇപ്പോഴും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അധികാരികള്‍ കാണുന്നത് എന്നുതോന്നുന്നു. ഇടത്-വലത് സര്‍ക്കാരുകള്‍ മാറി മാറി അധികാരത്തില്‍ വന്നാലും ഈ പ്രവണതക്ക് അവസാനം കുറിക്കാനാവുന്നില്ല.
വയനാട് ജില്ല രൂപീകൃതമായത് മുതല്‍ ഈ ജില്ലയോടുള്ള സര്‍ക്കാരുകളുടെ അവഗണന മാറ്റമില്ലാതെ തുടരുകയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശിലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നത്. 900 കോടിയുടെ മെഡിസിറ്റി എന്ന കൊട്ടിഘോഷത്തോടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ മെഡിക്കല്‍ കോളജിന് രൂപംനല്‍കിയത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ അമ്പത് ഏക്കര്‍ ഭൂമിയിലായിരുന്നു വയനാട്ടുകാരുടെ സ്വപ്നപദ്ധിയായ മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്തിയത്. 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് തറക്കല്ലിടുകയും ചെയ്തു. 300 കിടക്കകളുള്ള ആശുപത്രി രണ്ട് ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ പണിതീര്‍ക്കാനായിരുന്നു നിശ്ചയിക്കപ്പെട്ടത്. ഒന്നാംഘട്ടത്തില്‍ ഈ പ്രവര്‍ത്തനം തീരുന്നതോടെ രണ്ടാംഘട്ടമായ പി.ജി പഠനസൗകര്യവും മൂന്നാംഘട്ടത്തില്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുമായിരുന്നു വിഭാവനം ചെയ്തിരുന്നത്. മെഡിക്കല്‍ കോളജിലേക്കുള്ള 1.8 കിലോമീറ്റര്‍ റോഡ് നാലുവരിപ്പാത മനോഹരമാക്കിയെടുക്കാനും തീരുമാനിച്ചു വയനാട്ടുകാരെ കൊതിപ്പിച്ചുകളഞ്ഞു സര്‍ക്കാര്‍.
എന്നാല്‍ പിന്നീട് ഒന്നുംനടന്നില്ല. കോളജിന് കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ കാട് മൂടിക്കിടക്കുകയാണ്. കാട്ടിനുള്ളില്‍ എവിടെയോ ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഫലകവും ഉണ്ടായിരിക്കണം. തുടര്‍ന്നുവന്ന ഇടത് മുന്നണി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു പിന്നെയും വയനാട്ടുകാരെ മോഹിപ്പിച്ചു. മെഡിക്കല്‍ കോളജിന് കണ്ടെത്തിയ സ്ഥലം പരിസ്ഥിതി ആഘാതപ്രദേശമായതിനാല്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും പറ്റുകയില്ലെന്ന് പിന്നീടാണ് ബോധോദയം ഉണ്ടായത്. അതിന് മുമ്പ് ഈ മെഡിക്കല്‍ കോളജിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ 25 കോടി ബജറ്റില്‍ നീക്കിവെച്ചിരുന്നു. നബാഡില്‍നിന്ന് 41 കോടിയും വകയിരുത്തി. ഇതില്‍നിന്നും തുകയെടുത്താണ് കോളജിലേക്കുള്ള റോഡ് പണി നടത്തിയത്. പക്ഷെ എല്ലാം പാഴ്‌വേലയായി.
ഇത്രയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുംമുമ്പ് പ്രകൃതി ദുരന്തസാധ്യതകള്‍ പഠിക്കാന്‍ സര്‍ക്കാരിന്റെ ഒരു സംവിധാനത്തിനും കഴിഞ്ഞില്ല. തുടര്‍ന്ന് വേറൊരു സ്ഥലം കണ്ടെത്തിയെങ്കിലും അതും പരിസ്ഥിതിലോലപ്രദേശമാണെന്ന നിഗമനത്തില്‍ നിര്‍മാണ പ്രവര്‍ത്തനം പറ്റുകയില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രണ്ട് പ്രാവശ്യം പ്രളയംവന്ന് വയനാടിനെ നക്കിത്തുടച്ചതാണ്. അതിനാല്‍തന്നെ ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ എങ്ങിനെ എന്ന കാര്യത്തിലും അനിശ്ചിതത്വത്തിലാണ്. ചുരുക്കത്തില്‍ വയനാട്ടുകാര്‍ക്ക് മെഡിക്കല്‍ കോളജ് എന്നും സ്വപ്നം കാണുവാന്‍ മാത്രമേ വിധിയുള്ളൂ എന്ന അവസ്ഥയാണിപ്പോഴുള്ളത്.
ഒമ്പത് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ ഭൂരിഭാഗവും സാധാരണക്കാരും ആദിവാസികളുമാണ്. പ്രളയാനന്തരം രോഗങ്ങള്‍ക്ക് പുറമെ കുരങ്ങുപനി, അരിവാള്‍ രോഗം, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുകയാണ് ഈ ജില്ലയിലെ ജനങ്ങള്‍. കല്‍പ്പറ്റയില്‍നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമേ കോഴിക്കോടെത്തൂ. അതുതന്നെ വഴിയില്‍ തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍. ഒരു മഴ പെയ്താല്‍ റോഡില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടാകുന്നത് വയനാടില്‍ പതിവാണ്. ഇതുകാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ വഴിയില്‍ മണിക്കൂറുകളോളം കുടുങ്ങും. ഒന്‍പത് ഹെയര്‍പിന്‍ വളവുകളും കുത്തനെയുള്ള 14 കിലോമീറ്റര്‍ ചുരവും താണ്ടി ആംബുലന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജിലോ സ്വകാര്യ ആശുപത്രികളിലോ എത്തുമ്പോഴേക്കും രോഗി മരിച്ചിരിക്കും.
വയനാട്ടുകാരോട് ഡോക്ടര്‍മാര്‍ പറയുന്ന സ്ഥിരം പല്ലവിയുണ്ട്. അല്‍പം നേരത്തെ വന്നിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്ന്. ഈ പല്ലവി കേട്ടുമടുത്തും ചുരങ്ങളില്‍ ആംബുലന്‍സ് കുടുങ്ങി മരിക്കാന്‍ തുടങ്ങിയത് തുടര്‍ക്കഥകളായപ്പോഴുമാണ് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി മെഡിക്കല്‍ കോളജിന് വേണ്ടി ശബ്ദമുയര്‍ത്തിയത്. ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരിയുടെ മരണം വയനാട്ടില്‍ വിദഗ്ധ ചികിത്സകിട്ടുന്ന ഒരു മെഡിക്കല്‍ കോളജ് ആശുപത്രി എന്ന ആവശ്യത്തിന് മൂര്‍ച്ചകൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇടത്-വലത് രാഷ്ട്രീയ തര്‍ക്കങ്ങളില്‍ തട്ടിയും ഭരണകൂടങ്ങളുടെ നിസ്സംഗതയില്‍ കുരുങ്ങിയും വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് എന്ന അടിയന്തരാവശ്യം ഇനിയും പൂര്‍ത്തീകരിക്കപ്പെടാതെ പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."