പാലക്കാട്ട് അന്തര്‍ സംസ്ഥാന കൊള്ളസംഘം പിടിയില്‍
പാലക്കാട്: ദേശീയ പാതകള്‍, തീവണ്ടികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘത്തെ വാളയാര്‍ പൊലിസ് പിടികൂടി. ബാംഗ്ലൂര്‍ കൊച്ചിന്‍ ദേശീയ പാത , ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരില്‍ നിന്നും പൊലിസാണെന്ന് ചമഞ്ഞ് ബസ്സില്‍ നിന്നും, ട്രൈയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിലെ നാലുപേരെയാണ് വാളയാര്‍ എസ് ഐ. എസ് . അന്‍ഷാദും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് വാളയാര്‍ കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും സാഹസികമായി പിടികൂടിയത് പാലക്കാട്, കിണാശ്ശേരി, തണ്ണിശ്ശേരി, വാടപറമ്പ് വീട്ടില്‍ സുജീഷ് എന്ന സ്പിരിറ്റ് സുജി (29 ) ആലത്തൂര്‍ , ഇരട്ടക്കുളം, നൊച്ചിപ്പറമ്പില്‍ വീട്ടില്‍ സുരേന്ദ്രന്‍ എന്ന മാമ (40) കോങ്ങാട്, കുണ്ടലശ്ശേരി, പാലേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സുലൈമാന്‍ എന്ന കാക്കി സുലി (49) കല്ലടിക്കോട് കരിമ്പ, കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു (37)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസം 29 ന് വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന കല്ലട ബസ്സിനെ രണ്ട് കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പൊലിസിസാണെന്ന് പറഞ്ഞ് കവര്‍ച്ച നടത്തിയിരുന്നു. തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ഇയാളുടെ പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം ദേശീയ പാതയില്‍ ഇറക്കി വിടുകയുമായിരുന്നു. തൃശൂര്‍, കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വ്യാപാരിയുടെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. ഓര്‍ഡറനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുയാണ് ചെയ്യുന്നത്. ചെന്നൈ , കാഞ്ചി പുരത്തിലുള്ള ജ്വല്ലറിയിലേക്കുള്ള സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ശേഷം വാളയാര്‍ പൊലിസ് കേസ്സെടുത്ത് പാലക്കാട് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് കണ്ടെത്തി. പ്രതികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ ഓഗസ്റ്റില്‍ നടന്നടക്കം നിരവധി കവര്‍ച്ചാ കേസ്സുകള്‍ക്ക് തുമ്പായി. കൊള്ളയടിച്ച സ്വര്‍ണത്തില്‍ ഒരു കിലോ എറണാകുളം ജില്ലയിലെ ഒരു ജ്വല്ലറിയില്‍ പ്രതികള്‍ വില്‍പന നടത്തിയത് പൊലിസ് കണ്ടെടുത്തു. സുജീഷിനെതിരെ നേരത്തെ എറണാകുളം, കളമശ്ശേരി പൊലിസ് സ്റ്റേഷന്‍ , പാലക്കാട് കസബ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്പിരിറ്റ് കടത്ത് കേസ്സും, ചാലക്കുടി പൊലിസ് സ്റ്റേഷനില്‍ വാഹന മോഷണക്കേസും, കുഴല്‍മന്ദം പൊലിസ് സ്റ്റേഷനില്‍ കവര്‍ച്ചാ കേസും, ഹേമാംബിക നഗര്‍ പൊലിസ് സ്റ്റേഷനില്‍ കൊലപാതകശ്രമക്കേസ്സും നിലവിലുണ്ട്. ആലുവ, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ എന്നീ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. സുലൈമാന് നേരത്തെ കോങ്ങാട് , മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനുകളിലും , ബിജുവിന് കല്ലടിക്കോട് പൊലിസ് സ്റ്റേഷനിലും ശീട്ടുകളിക്കേസ്സുകളുണ്ട്. സുരേന്ദ്രന് നേരത്തെ മുവാറ്റുപുഴ എക്‌സൈസില്‍ അനധികൃത മദ്യവില്‍പനക്കേസ്സുകളും നിലവിലുണ്ട്. കൊള്ള മുതലുകള്‍ പങ്കുവെച്ചെടുത്ത് പ്രതികള്‍ ആര്‍ഭാട ജീവിതമാണ് നടത്തി വരുന്നത്. ഹവാല പണമായതിനാല്‍ കൂടുതല്‍ സംഭവങ്ങളിലും പരാതിക്കാര്‍ കേസ് നല്‍കാന്‍ മുതിരാറില്ല ഇതാണ് കൊള്ളസംഘത്തിന് വളമായത്. കേരള തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ച് നടത്തുന്ന കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തമിഴ്‌നാട് പോലീസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.
പാലക്കാട് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ ഐ.പി.എസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ബാക്കി പ്രതികളെക്കുറി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്, നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് ഡി വൈ എസ് പി . ജി ഡി . വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വാളയാര്‍ എസ് ഐ. എസ്. അന്‍ഷാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ പി. മധുസൂദനന്‍, എസ്‌സിപിഓ. എസ് . ഷാജഹാന്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ . എസ് ജലീല്‍, വി. ജയകുമാര്‍, സി.എസ് സാജിദ്, ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, എസ്.എന്‍ ഷനോസ്, ആര്‍. രാജീദ്, എസ് ഷമീര്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികള്‍ നടത്തിയ കവര്‍ച്ചകള്‍
2015 ല്‍ വാളയാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അട്ടപ്പള്ളം എന്ന സ്ഥലത്തുവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി തിരുപ്പൂര്‍ സ്വദേശിയായ ഉള്ളി വ്യാപാരി തങ്കവേലു എന്നയാളെ ബസില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി 3 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം പാലക്കാട് മലബാര്‍ ആശുപത്രിക്ക് സമീപം ദേശീയ പാതയില്‍ ഇറക്കി വിട്ടു. 2015 ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് ഹവാല പണവുമായി വന്ന കാര്‍ ഹൊസൂര്‍ ദേശീയ പാതയില്‍ വെച്ച് രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിര്‍ത്തി 3 കോടി രൂപ 2015 ല്‍ സേലം ബസ് സ്റ്റാന്‍ഡില്‍ പൊലിസ് ചമഞ്ഞ് 30 ലക്ഷം രൂപ, 2016 ല്‍ സേലം കോയമ്പത്തൂര്‍ എല്‍ ആന്റ് ടി റോഡില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി യുവാവില്‍ നിന്നും 40 ലക്ഷം രൂപ ,2017 ല്‍ സേലേത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന യുവാവിനെ പൊലിസ് ചമഞ്ഞ് ട്രെയിന്‍ ബാത്ത് റൂമില്‍ കയറ്റി 35 ലക്ഷം രൂപ, 2016 ല്‍ മലപ്പുറം വള്ളുവമ്പ്രം എന്ന സ്ഥലത്ത് പൊലിസ് വാഹനത്തിലെത്തിയ സംഘം 62 ലക്ഷം രൂപ, 2017 ല്‍ കോയമ്പത്തൂരില്‍ നിന്നും പാലക്കാടേക്ക് വന്ന തമിഴ് നാട് ബസ് ചാവടി എന്ന സ്ഥലത്ത് തടഞ്ഞു നിര്‍ത്തി 35 ലക്ഷം, 2016 ല്‍ ഗോപാലപുരം ചെക്‌പോസ്റ്റിനടുത്തു വെച്ച് പൊലിസ് ചമഞ്ഞ് ലോറി രണ്ട് പ്രാവശ്യമായി തടഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."