നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി; ബി.ജെ.പിക്ക് സമയം നീട്ടിനല്‍കിയില്ല
ന്യൂഡല്‍ഹി: അര്‍ധരാത്രി അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ തന്നെ വിശ്വാസവോട്ട് തേടാന്‍ സുപ്രിംകോടതി ഉത്തരവ്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എന്‍.വി രമണയാണ് വിധി വായിച്ചത്.
അഞ്ചുമണിക്ക് മുന്‍പായി വിശ്വാസവോട്ട് തേടിയിരിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസിന് കോടതി നിര്‍ദേശവും നല്‍കി. നടപടികളെല്ലാം തല്‍സമയം സംപ്രേഷണംചെയ്യാനും നിര്‍ദേശമുണ്ട്. വിശ്വാസവോട്ടെടുപ്പ് തേടാന്‍ രണ്ടാഴ്ച സമയം വേണമെന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രോടേം സ്പീക്കറായിരിക്കും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യ ബാലറ്റ് പാടില്ല. സുതാര്യമായ വോട്ടെടുപ്പ് നടത്തണമെന്നും ഭരണഘടനാപരമായ ധാര്‍മികത എല്ലാവരും ഉര്‍ത്തിപ്പിടിക്കണമെന്നും, ഭരണഘടനാദിനമായ ഇന്നത്തെ ദിവസത്തെ ഓര്‍മിപ്പിച്ച് ജസ്റ്റിസ് എന്‍.വി രമണ അഭ്യര്‍ത്ഥിച്ചു. വോട്ടെടുപ്പ് നടപടികളെല്ലാം കമാറയില്‍ പകര്‍ത്തണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ഞായറാഴ്ച അടിയന്തരമായി വാദം കേട്ട ശേഷം എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച്, ഇന്നലെ രേഖകള്‍ പരിശോധിക്കുകയും വാദം കേള്‍ക്കുകയും ചെയ്ത ശേഷമാണ് ഇന്നു വിധി പറഞ്ഞത്. മഹാരാഷ്ട്രയില്‍ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നല്‍കുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു ഇത്.
ഇന്നലെ ആകെയുള്ള 54 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എം.എല്‍.എമാരെല്ലാം ബി.ജെ.പിക്ക് പിന്തുണ നല്‍കിയതായി മേത്ത പറഞ്ഞു. 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വായിച്ചു. എന്നാല്‍ അജിത് പവാര്‍ നല്‍കിയ കത്ത് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ളതല്ലെന്നും അജിത് പവാറിനെ സഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത് എം.എല്‍.എമാര്‍ ഒപ്പിട്ട കത്തു മാത്രമാണെന്നുമായിരുന്നു എന്‍.സി.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനുസിങ്‌വിയുടെ വാദം.
ഇന്നലത്തെ കോടതി നടപടിക്ക് പിന്നാലെ രാത്രിയോടെ തങ്ങള്‍ക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ത്രികക്ഷികള്‍ മംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്‍ഡ് ഹയാത്തില്‍ 162 പേരെ അണിനിരത്തി ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. 145 ആണ് കേവലഭൂരിപക്ഷത്തിനാവശ്യമായ മാന്ത്രിക സഖ്യ. ഇപ്പോഴത്തെ ശക്തി നാളെ രാവിലെ വരെ നിലനിര്‍ത്താനായാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയ എന്‍.സി.പിയുടെ വിമത നേതാവ് അജിത് പവാറിനൊപ്പം ഇനി അവശേഷിക്കുന്നത് ഒരു എം.എല്‍.എ മാത്രമാണ്. ഇന്നലെ രണ്ടു എം.എല്‍.എമാര്‍ കൂടി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നതോടെയാണിത്.
Maharashtra government formation. SC order on floor test
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."