കൗമാരക്കാരില്‍ ടിക് ടോകും പിടിമുറുക്കുന്നതായി പൊലിസ്
കമ്പളക്കാട്: സോഷ്യല്‍ മീഡിയയിലെ കൊലയാളി ഗെയിമുകള്‍ നിരീക്ഷണത്തിലായതോടെ സംഗീതത്തിന്റെ ലേബലില്‍ തുടക്കം കുറിച്ച ടിക് ടോക് ആപ്ലിക്കേഷനും കൗമാരക്കാരില്‍ പിടിമുറുക്കുന്നതായി സംശയിക്കുന്നുവെന്ന് കമ്പളക്കാട് എസ്.ഐ അജേഷ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം ആപ്പ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിച്ചു വരികയാണെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തങ്ങളായ സംഗീതനൃത്തങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ഉതകുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്. അടുത്തിടെയാണ് കൗമാരക്കാര്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായി പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുതുതായി ഇറങ്ങിയ ചലഞ്ചില്‍ ഇരുചക്രവാഹനങ്ങളില്‍ അമിത വേഗതയിലെത്തുകയും വലിയ വാഹനങ്ങളുടെ മുന്‍പില്‍ ചാടി നൃത്തം ചെയ്യുകയും അവ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ഉടന്‍ തന്നെ അപ് ലോഡ് ചെയ്യുന്ന അത്യന്തം അപകടകരമായ വേര്‍ഷനാണുള്ളത്. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള കൗമാരക്കാര്‍ പൊലിസ് വാഹനങ്ങള്‍ക്കു മുന്‍പില്‍ പോലും ചാടി നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അമിത വേഗതയില്‍ ഇരുചക്രം ഓടിക്കുന്നതും അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കു മുന്‍പില്‍ പെട്ടെന്ന് ചാടുന്നതും മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരം അപകടകരമായ ആപ്പുകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും എസ്.ഐ പറഞ്ഞു. അത്തരം നടപടികളിലേക്ക് പൊലിസ് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം നൃത്തങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമാദ്യം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വളരെ രസകരമായ ഈ ആപ്ലിക്കേഷന്‍ പെട്ടെന്നാണ് വളരെ അപകടകരകമായ വീഡിയോ ചിത്രീകരണങ്ങളിലേക്ക് വഴിമാറിയത്. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാണ് പൊലിസ് തീരുമാനം. ഇയ്യിടെയുണ്ടായ കൗമാര ആത്മഹത്യകളിലും ഇരുചക്ര വാഹനാപകട മരണങ്ങളിലും കൊലയാളി ഗെയിമുകള്‍ക്കും പങ്കുണ്ടെന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ആപ്പുകളെ കുറിച്ചും കൗമാരക്കാര്‍ ഉപയോഗിക്കുന്ന വേര്‍ഷനുകളെ കുറിച്ചും പൊലിസ് ശക്തമായ നിരീക്ഷണത്തിലാണ്. രക്ഷിതാക്കളും മറ്റു ബന്ധപ്പെട്ടവരും ജാഗ്രത പുലര്‍ത്തണമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."