ഇന്റര്‍നെറ്റ് വഴി ജിഹാദ് പ്രചരിപ്പിക്കുന്നു- കശ്മീര്‍ നിയന്ത്രണങ്ങള്‍ക്ക് സുപ്രിം കോടതിയില്‍ പുതിയ വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ജിഹാദ് പ്രചരിപ്പിക്കുന്നത് ഇന്റര്‍നെറ്റ് വഴിയാണെന്നും ഇത് സൈബര്‍ യുദ്ധത്തിന് വരെ വഴിതെളിക്കുമെന്നും കേന്ദ്രം സുപ്രിം കോടതിയില്‍. ജമ്മുകശ്മീരില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന പല ഹാഷ്ടാഗുകളും ഇന്ത്യാ വിരുദ്ധ വികാരമാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി.
കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എന്നുമുതലാണ് അനുവാദം കൊടുക്കുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. 'ജിഹാദ് പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു ആഗോള പ്രതിഭാസമാണ്. ഇത്തരത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതില്‍ മുഴുകിയിരിക്കുകയാണ് ജിഹാദി നേതാക്കള്‍'- കേന്ദ്രനടപടിയെ ന്യായീകരിച്ച് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. പാസ്സുകള്‍ വാങ്ങി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സെന്ററുകളില്‍ പോകാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
'എന്‍ക്രിപ്റ്റഡ് രൂപത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം കണ്ടെത്താനാവില്ല. ഇങ്ങനെയുള്ള ഡാര്‍ക്ക് വെബ് ഉപയോഗത്തിലൂടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പാക് അധീന കശ്മീരില്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴത് കശ്മീര്‍ താഴ്‌വരയിലും എത്തിയിരിക്കുകയാണ്. അതുണ്ടാക്കുന്ന നഷ്ടം വലുതാണ്. വിദ്വേഷവും ഭീകരവാദവും നടത്താനുള്ള ഏറ്റവും വലിയ ഉപകരണമാണ് സാമൂഹ്യമാധ്യമങ്ങള്‍.' മേത്ത പറഞ്ഞു.
എന്നാല്‍ മോര്‍ഫിങ് നടക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റ് പൂര്‍ണമായി വിലക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിനുശേഷം ഏറെനാള്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ പാസ്സ് വാങ്ങി ഇന്റര്‍നെറ്റ് സെന്ററുകളില്‍ ചെല്ലേണ്ട അവസ്ഥയിലേക്കും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."