നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഇറച്ചിക്കടകളില്‍ മാംസം കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരം
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: ഇറച്ചിക്കടകളില്‍ കന്നുകാലികളുടെ മാംസം വില്‍പനയ്ക്കായി കെട്ടിതൂക്കി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താക്കള്‍ കാണുംവിധം മാംസം കെട്ടിതൂക്കി വില്‍ക്കുമ്പോള്‍ ശുചിത്വം പാലിക്കപ്പെടാതെ പോകുന്നുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം ശുചിയായ സാഹചര്യത്തില്‍ വളരെ കുറഞ്ഞ താപനിലയിലായിരിക്കണം മാംസം സൂക്ഷിക്കുകയും വില്‍പ്പനയ്ക്കായി വെട്ടി റെഡിയാക്കുകയും ചെയ്യേണ്ടത്. എന്നാല്‍ ഇതൊന്നും ഒരു കടയിലും പാലിക്കപ്പെടുന്നില്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തല്‍.
ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപാരികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ടൗണിലെ കോഴിക്കടകള്‍ ഉള്‍പ്പെടെയുള്ള ഇറച്ചി വില്‍പനകേന്ദ്രങ്ങളിലും മത്സ്യമാര്‍ക്കറ്റിലും സംഘം പരിശോധന നടത്തി.
ഇതിനിടെ കേരളത്തിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തരായിരിക്കണം എന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. നാട്ടിലെ ഇറച്ചിക്കടകളിലെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ് കന്നുകാലികളെ കൊന്ന് മാംസം വെട്ടിനുറുക്കി വില്‍ക്കുന്നത് വരെയുള്ള ജോലികള്‍ ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നവരെ നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കുഷ്ഠരോഗം പോലുള്ള അസുഖങ്ങള്‍ വീണ്ടും കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാകാമെന്ന് ആരോഗ്യവിദഗ്ധരും സംശയിക്കുന്നു.
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാവകുപ്പ് ഇതിനോടകം രണ്ട് തവണ പരിശോധന നടത്തിയിരുന്നു. ഫ്രിഡ്ജില്‍ തുറന്നുവച്ച ആഹാരം വീണ്ടും വിളമ്പരുതെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സംഘം ഹോട്ടലുടമകള്‍ക്ക് നല്‍കി. അതേസമയം, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നേരത്തെ ഹോട്ടലുകളില്‍ മിന്നല്‍പരിശോധന നടന്നിരുന്നു. ഒട്ടേറെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തെങ്കിലും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചില്ല എന്ന പരാതിയും നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."