ബസുകളുടെ കാലാവധി തീരുന്നു; വാടകയ്ക്ക് എടുക്കാന്‍ കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ ബസ് വാടകക്ക് എടുക്കാന്‍ കെ.എസ്.ആര്.ടി.സി നീക്കം.
ആദ്യഘട്ടമെന്ന നിലയില്‍ 50 ബസുകള്‍ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം. നേരത്തേ കേന്ദ്ര പദ്ധതിയായ ഫേമിന്റെ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) സഹായത്താല്‍ 250 ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലിറക്കാനും തീരുമാനിച്ചിരുന്നു. കുടിശിക കൊടുക്കാത്തതു കാരണം നിലവിലുണ്ടായിരുന്ന ഒന്‍പത് വാടക എ.സി ബസുകളും കരാര്‍ കമ്പനി പിന്‍വലിച്ചിരുന്നു. കാലാവധി തീരുന്നതിനാല്‍ ഇരുനൂറോളം ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടുത്തമാസം നിരത്തില്‍ നിന്ന് പിന്‍വലിക്കണം.
സ്വന്തമായി ബസ് വാങ്ങാന്‍ പണവുമില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വാടകബസുകളിലേക്ക് കെ.എസ്.ആര്.ടി.സി തിരിഞ്ഞത്. നേരത്തെയും കോര്പറേഷന് വാടക ബസുകള്‍ നിരത്തിലിറക്കിയിരുന്നെങ്കിലും കരാര്‍ കമ്പനിയുടെ വീഴ്ച മൂലം പല ബസുകളും പാതി വഴിയില്‍ സര്‍വിസ് മുടങ്ങി യാത്രക്കാര്‍ പെരുവഴിയിലാവുന്ന അവസ്ഥയുമുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് കെ.എസ്.ആര്.ടി.സിക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."