'തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിദ്ധീകരിച്ച പ്രളയക്കെടുതി ലിസ്റ്റ് പുനഃപരിശോധിക്കണം'
മാനന്തവാടി: പ്രകൃതിക്ഷോഭം മൂലം നഷ്ട്ടം സംഭവിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വീടുകളുടെ നഷ്ട്ടം കണക്കാക്കി പ്രസിദ്ധീകരിച്ച ലിസ്റ്റ് പൂര്‍ണമായി പിന്‍വലിച്ച് അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റീ ബില്‍ഡ് കേരളയുടെ ഭാഗമായി പരിശീലനം ലഭിച്ചവര്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 24ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ലിസ്റ്റ് പിന്‍വലിക്കുകയും പഞ്ചായത്ത് നിയോഗിച്ച ഓവര്‍സിയര്‍മാര്‍ പരിശോധിച്ച് നഷ്ട്ടം കണക്കാക്കിയ ലിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശതമാന കണക്കില്‍ രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ ലിസ്റ്റിലും വ്യാപകമായ തെറ്റുകളാണ് സംഭവിച്ചിട്ടുള്ളത്. ഓവര്‍സിയര്‍മാര്‍ കൊടുത്ത കണക്കല്ല പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. അര്‍ഹതപ്പെട്ട പലരും ലിസ്റ്റില്‍ നിന്നും പുറത്തും ഒരു അര്‍ഹതയുമില്ലാത്ത പലരും ലിസ്റ്റില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളായി കിടപ്പാടം പോലും നഷ്ട്ടപ്പെട്ട സാധരണക്കാരോട് വീണ്ടും അപ്പീലുമായി കലക്ടറെ കാണാന്‍ പറയുന്നത് പ്രായോഗികമല്ല. ജില്ലാ ഭരണകൂടം ഇടപ്പെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ജോസ് കൈനിക്കുന്നേല്‍, എം.ജി ബാബു, വി.കെ ശശികുമാര്‍, എല്‍.സി ജോയ്, വിജയലക്ഷ്മി ടീച്ചര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."