പിങ്കില്‍ തിളങ്ങിയത് പേസര്‍മാര്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ നെഞ്ചേറ്റിയത് ബൗളര്‍മാരെയാണോ ബാറ്റ്‌സ്മാന്‍മാരെയാണോ എന്ന ചോദ്യത്തിന് ബാറ്റ്‌സ്മാന്‍മാരെയാണെന്ന് നിസ്സംശയം പറയാം. ബൗളര്‍മാരെക്കാള്‍ ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യയുടെ ഭൂരിപക്ഷ വിജയങ്ങളിലും തുരുപ്പു ചീട്ടായതെന്നാണ് നിരത്താനുള്ള പ്രധാന കാരണം. എന്നാല്‍ ചരിത്ര നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരെ പിന്തള്ളി ശരിക്കും ബൗളര്‍മാരാണ് അരങ്ങുവാണത്. അതും പേസര്‍മാര്‍. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഇവര്‍ എറിഞ്ഞു വീഴ്ത്തിയതാവട്ടെ, ബംഗ്ലാദേശിന്റെ 19 വിക്കറ്റുകള്‍. ഇതില്‍ ഒരെണ്ണം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയില്ലെങ്കില്‍ ആ വിക്കറ്റും കൊയ്ത് 20 വിക്കറ്റ് നേട്ടത്തോടെ നിലവിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ലോകത്തിന്റെ നെറുകയില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി നെയ്യുമായിരുന്നു. ഒരു ഡേ നൈറ്റ് ടെസ്റ്റ് പോലും കളിച്ച് പരിചയമില്ലാതിരുന്ന ഇന്ത്യക്ക് ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേര്‍ന്നാണ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയം സമ്മാനിച്ചത്. (കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനം മാറ്റി നിര്‍ത്താം). ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നും അതിനാല്‍ ഇന്ത്യക്ക് അത്തരമൊരു സ്പിന്‍ നിരയുണ്ടെന്നും അതാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ മാനം കാക്കുന്നതെന്നും പറയുന്ന ആസ്‌ത്രേലിയ പോലുള്ള ടീമുകള്‍ക്ക് ചുട്ട മറുപടി നല്‍കുന്നതാണ് നിലവിലെ പേസര്‍മാരുടെ അവിശ്വസനീയ പ്രകടനം.
രണ്ടുവര്‍ഷം മുന്‍പ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ പേസര്‍മാര്‍ മാത്രം നേടിയ 17 വിക്കറ്റുകളെന്ന നേട്ടമാണ് ചരിത്ര ടെസ്റ്റിലൂടെ ഈ ത്രയങ്ങള്‍ തകര്‍ത്തെറിഞ്ഞത്. കൊല്‍ക്കത്തിലെ ഈഡന്‍ ഗാര്‍ഡനില്‍വച്ച് തന്നെയാണ് ഈ നേട്ടം മറികടന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ ഈഡന്‍ ഗാര്‍ഡനിലേക്ക് ചേക്കേറിയത് വെറുതെയായില്ല. ഈഡന്‍ ഗാര്‍ഡനില്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ ബൗളര്‍മാരാണ് തിളങ്ങിയതെന്ന് അവരെ വാനോളം പുകഴ്ത്തിപ്പാടാനും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറന്നില്ല.
പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയാവണം ഡേ നൈറ്റ് ടെസ്റ്റില്‍ നായകന്‍ കോഹ്‌ലി ജഡേജയ്ക്കും അശ്വിനുമായി വെറും ഏഴ് ഓവര്‍ മാത്രം നല്‍കിയത്.
നേരത്തേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഒന്നാം നമ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ പരുക്ക് കാരണം പിന്നീടുള്ള മത്സരങ്ങളില്‍ ഇറങ്ങില്ലെന്ന വാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയുടെ മുള്‍മുനയിലെത്തിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് മുതല്‍ പിന്നീടങ്ങോട്ടുള്ള മത്സരങ്ങളില്‍ ഇശാന്തിന്റേയും ഉമേഷിന്റേയും ഷമിയുടേയും കുന്തമുനയേറും വിക്കറ്റ് പൊടിക്കല്‍ അരങ്ങേറിയതോടെ എതിരാളികള്‍ ശരിക്കും ദുര്‍ബലരായി. ഒപ്പം അടിയറ വയ്ക്കാത്ത വിജയങ്ങള്‍ ഇന്ത്യന്‍ അക്കൗണ്ടിലെത്തുകയും ചെയ്തു.
നേരത്തേ ടെസ്റ്റില്‍ ബൗളിങ് നിരയില്‍ ആരെയൊക്കെ ഇറക്കണമെന്ന് സ്വയം ചോദിച്ച സെലക്ടര്‍മാര്‍ക്ക് നേരെ ഇനി ബുംറയെ കളത്തിലിറക്കുമ്പോള്‍ ആരെ ബെഞ്ചിലിരുത്തണമെന്ന ചോദ്യം തിരിഞ്ഞുകൊത്തും. നിലവിലെ മൂന്നുപേരും മികച്ച ഫോമിലാണെന്നതാണ് കാരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഉമേഷും ഷമിയും ചേര്‍ന്ന് 24 വിക്കറ്റുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
പക്ഷേ, സ്വന്തം നാട്ടില്‍ കുഞ്ഞന്‍ ടീമുകളെ ഓടിച്ചിട്ട് പിടിക്കുന്ന ഏര്‍പ്പാട് ഇനി നടക്കുമെന്ന കാര്യം അടുത്ത വര്‍ഷാരംഭം കാണേണ്ടിയിരിക്കുന്നു. നിലവില്‍ ടെസ്റ്റില്‍ എതിരാളികളെ വിറപ്പിക്കുന്ന ന്യൂസിലന്‍ഡ് പര്യടനം മുതല്‍ ഇന്ത്യക്ക് സ്വല്‍പം വിയര്‍ത്തു തന്നെ കളിക്കേണ്ടി വരും. പിന്നാലെ ഇംഗ്ലണ്ടും ആസ്‌ത്രേലിയയും ഇന്ത്യക്കെതിരേ ഇറങ്ങാന്‍ തയാറെടുക്കുന്നുണ്ടെന്നതിനാല്‍ ഇനിയാണ് യഥാര്‍ഥ ടെസ്റ്റ്.്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."