മോദിയുടെ സ്വപ്നപദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത വമ്പന്‍ പദ്ധതികളും ഉപേക്ഷിക്കാനൊരുങ്ങി ത്രികക്ഷി സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, മുംബൈ ആരേ കോളനിയിലെ മരംമുറിക്കല്‍ തുടങ്ങിയവ നിര്‍ത്തലാക്കാന്‍ ശിവസേന ഒരുങ്ങുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളാണ് പുതിയ സര്‍ക്കാരിന്റെ പരിഗണനയെന്നും ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ശിവസേന എം.എല്‍.എ ആയ ദീപക് കേസര്‍ക്കാര്‍ വ്യക്തമാക്കി.
ബുള്ളറ്റ് ട്രെയിന്‍, നാനാര് പദ്ധതികളിലും മറിച്ചൊരു അഭിപ്രായമില്ലെന്നും ഇതെല്ലാം നിരവധിപേരെ ദോഷകരമായി ബാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് ഈ പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് ശിവസേന വക്താവ് മാനിഷാ കയാന്‍ഡെ ചോദിച്ചു. നിരവധി മരങ്ങളാണ് മുംബൈ മെട്രോ റെയില്‍ കോര്പ്പറേഷന് ആരേ കോളനിയില്‍ മുറിച്ചുമാറ്റിയത്. ഇനി ഒരു മരം പോലും അവിടെനിന്ന് മുറിക്കില്ല. അത് ഉദ്ധവ്ജിയും പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ നാനാര് പദ്ധതിക്കെതിരെയും ആരേ കോളനിയില്‍ മരം മുറിക്കുന്നതിനെതിരെയും ശിവസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2017 സെപ്തംബര്‍ 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിടുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില മോദിയുടെ പ്രധാന വാഗ്ദാനമായിരുന്ന പദ്ധതി എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."