മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് താങ്ങാവാന്‍ വൈത്തിരിയില്‍ കേന്ദ്രമൊരുങ്ങുന്നു
കോഴിക്കോട്: മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി വികസിത രാജ്യങ്ങളിലുള്ള രീതിയില്‍ വയനാട് വൈത്തിരിയില്‍ പരിശീലന കേന്ദ്രമൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങളുള്ള സ്ഥാപനം ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ സപ്പോര്‍ട്ട്, റിഹാബിലിറ്റേഷന്‍ ആന്‍ഡ് അറ്റന്‍ഷന്‍ ഫോര്‍ ഡെസ്റ്റിറ്റിയൂട്ട് ആന്‍ഡ് ഡിഫറന്‍ഡ്‌ലി ഏബിള്‍ഡ് (ശ്രദ്ധ) ആണ് ഈ സംരംഭത്തിന്റെ പിന്നില്‍. വികസിത രാജ്യങ്ങളിലുള്ള രീതിയില്‍ സുസജ്ജമായ പരിചരണ, പരിശീലന, നിരീക്ഷണ സംവിധാനം ഒരുക്കുകയാണ് ഉദ്ദേശിക്കുന്നത്.
സൈക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍, സൈക്യാട്രിസ്റ്റ് തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്ക് പുറമെ രക്ഷിതാക്കള്‍ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കരിക്കുലം തയാറാക്കിയാണ് കേന്ദ്രത്തിന്റെ രൂപകല്‍പന പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സാധാരണ കുട്ടികളെ പോലെ മാനസിക വെല്ലുവിളി നേരിടുന്നവരെ പ്രാപ്തരാക്കാനായി മികച്ച രീതിയിലുള്ള സംവിധാനമാണ് കേന്ദ്രത്തിലൊരുക്കുന്നത്. ഇതിനായി സ്‌പെഷല്‍ തെറാപ്പി സംവിധാനങ്ങള്‍ക്ക് പുറമെ പാര്‍ക്ക്, നീന്തല്‍കുളം, റീഡിങ് റൂം, ഓഡിയോ- വിഡിയോ റൂം തുടങ്ങിയവയും ഒരുക്കും. കുട്ടികളെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയം പര്യാപ്തമാക്കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകള്‍ മനസിലാക്കി വികസിപ്പിച്ചെടുക്കാനുള്ള പാഠ്യ പദ്ധതിയും ഉള്‍പെടുത്തും.
കേന്ദ്രത്തിനായി സംഭാവനകളും സഹായങ്ങളും ഒഴിവാക്കി ഇത്തരം കുട്ടികളുടെ സാമൂഹികമായ ഉന്നമനമാണ് ഇതിലൂടെ ഏറ്റെടുക്കുന്നതെന്ന് ശ്രദ്ധ ചെയര്‍മാന്‍ ഷാക്കിര്‍ ഫറോക്ക് സുപ്രഭാതത്തോട് പറഞ്ഞു.
40 രക്ഷിതാക്കളില്‍നിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് നാല് കോടി രൂപ മുതല്‍മുടക്കിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ഈ സ്ഥാപനം രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ ഇതിനെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള പഠന ഗവേഷണ കേന്ദ്രമാക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."