ഗോവിന്ദ് പന്‍സാരെ വധം: രണ്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ: എഴുത്തുകാരനും കമ്യൂണിസ്റ്റ് നേതാവുമായ ഗോവിന്ദ് പന്‍സാരയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വാസുദേവ് സൂര്യവാനിഷി (29), ഭാരത് കര്‍നെ (37) എന്നിവരെയാണ് ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത് കര്‍നയെയും മഹാരാഷ്ട്രയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വാസുദേവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോല്‍ഫൂരിലെ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ ഏഴു വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
പന്‍സാരെയുടെ വധത്തിലെ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നു പ്രോസിക്യൂട്ടര്‍ ശിവാജി റാവു റാണെ പറഞ്ഞു. കേസില്‍ 2016ല്‍ അറസ്റ്റിലായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത നേതാവ് ഡോ. വീരേന്ദ്ര തവാദെക്കു മോട്ടോര്‍ സൈക്കിള്‍ നല്‍കിയതു സൂര്യവാനിഷായിരുന്നു. എങ്ങനെയാണ് സൂര്യവാനിഷ് മോട്ടോര്‍ സൈക്കിള്‍ നല്‍കിയതെന്നും പിന്നീട് ആ വാഹനത്തിന് എന്തുപറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തേണ്ടതുണ്ടെന്നു റാണെ പറഞ്ഞു.
കര്‍നയെയും സൂര്യവാനിഷിനെയും 14 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ ലഭിക്കുന്നതിനാണ് റാണെ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് എസ്.ഐ.ടി അന്വേഷണത്തെ തെറ്റായ വഴിക്കു നയിക്കുമെന്നും ഇരുവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും മറുഭാഗം അഭിഭാഷകന്‍ സമീര്‍ പദ്വാര്‍ധന്‍ കോടതിയില്‍ പറഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ അമോല്‍ കാലയെസല്‍നിന്നു കണ്ടെത്തിയ ഡയറിയില്‍ സൂര്യവാനിഷ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണെന്നു രേഖപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിലെ തീവ്ര ഹിന്ദുത്വ സംഘടനയുമായി കര്‍നയ്ക്കു ശക്തമായ ബന്ധമുണ്ടെന്നു പൊലിസ് പറഞ്ഞു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലയാളിയായ പരശുറാം വാഗ്മോറയെ കാറില്‍ കാത്തിരുന്ന രണ്ടു പേരില്‍ ഒരാളായിരുന്നു കര്‍നയെന്നു സംശയിക്കുന്നുണ്ട്.
കൊലയാളി ഇതേ വാഹനത്തിലാണ് ബംഗളൂരുവിനു പുറത്തെ സുരക്ഷിത സ്ഥാനത്തേക്കു പോയത്. വാഗ്മോറയ്ക്ക് ആയുധ പരിശീലനം ലഭിച്ചതു കര്‍നയുടെ ഫാമില്‍നിന്നാണ്.
പന്‍സാര കൊലപാതകവുമായി ബന്ധപ്പെട്ട് അമേല്‍ കലയെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
2015 ഫെബ്രുവരി 16ന് പ്രഭാതനടത്തത്തിനു ശേഷം കോല്‍ഫൂരിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് പന്‍സാരയെയും ഭാര്യ ഉമയെയും വെടിവച്ചത്. ഗുരതര പരുക്കിനെ തുടര്‍ന്നു പാന്‍സാരെ ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."