മുല്ലപ്പള്ളിയുടെ ആരോപണം ഗുരുതരം
മുന്‍ കേന്ദ്രആഭ്യന്തര മന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതീവ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കുമെതിരേ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ കേരളാ രാഷ്ട്രീയ മണ്ഡലങ്ങളില്‍ കത്തിപ്പടരും എന്നത് തീര്‍ച്ച. ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി എന്ന നിലയിലും കേന്ദ്ര ആഭ്യന്തര വകുപ്പില്‍ സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വെറുമൊരു രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇതുപോലൊരു ഗുരുതരമായ ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ അപഖ്യാതിയുടെ ഒരു നേരിയ കറ പോലും അദ്ദേഹത്തിന് മേല്‍ പുരണ്ടിട്ടില്ല. ആ നിലക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തുന്ന തറ രാഷ്ട്രീയക്കാരുടെ വാക്കുകള്‍ പോലെ തള്ളിക്കളയേണ്ടതുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലിസ് മേധാവിയായി നിയോഗിച്ചതെന്ന് മുല്ലപ്പള്ളി പറയുമ്പോള്‍ അതിന് ബലം നല്‍കുന്ന സാഹചര്യതെളിവുകളും അദ്ദേഹം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ പിണറായി വിജയന്‍ നരേന്ദ്രമോദിയെ കാണാന്‍ പോയതും. പോകുമ്പോള്‍ പ്രധാനമന്ത്രിക്ക് ഉപഹാരമായി ആറന്മുള കണ്ണാടി കൊണ്ടുപോയതും അണുവിട തെറ്റാതെയാണ് മുല്ലപ്പള്ളി വിവരിക്കുന്നത്. ഹിന്ദുമത വിശ്വാസികള്‍ ആറന്മുള കണ്ണാടി നല്‍കുന്നത് ദീര്‍ഘകാലം ജീവിക്കേണമേയെന്നും വിജയിക്കേണമേയെന്നും പ്രാര്‍ഥിച്ചു കൊണ്ടാണ് നല്‍കാറുള്ളതെന്ന് മുല്ലപ്പള്ളി പറയുമ്പോള്‍ അത്തരം പ്രാര്‍ഥന ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം മുഖ്യമന്ത്രി ആറന്മുള കണ്ണാടി പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ടാവുക. അത് കഴിഞ്ഞ് കേരളാ ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇതുപോലൊരു പ്രധാനമന്ത്രിയെ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ലെന്നും മുഖ്യമന്ത്രി പറയുകയും പ്രധാന മന്ത്രിയുടെ ഓഫിസ് താങ്കള്‍ക്ക് സ്വന്തം വീട് പോലെ കരുതാമെന്നും നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറയുകയും ചെയ്യുമ്പോള്‍, അതില്‍ ഔപചാരികമായ കുശലാന്വേഷണങ്ങള്‍ക്കപ്പുറം എന്തൊക്കെയോ ഇല്ലേ എന്ന് സാധാരണക്കാരന്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
2004ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ ആരോപണന വിധേയരായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും അന്ന് എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റ ക്ലീന്‍ചിറ്റ് നല്‍കി രക്ഷിച്ചുവെന്നും അതിനുള്ള നരേന്ദ്ര മോദിയുടെ പ്രത്യുപകാരമാണ് ബെഹ്‌റയുടെ ഡി.ജി.പി സ്ഥാനമെന്നും ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും അത് അദ്ദേഹം അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്തുവെന്നും മുല്ലപ്പള്ളി പറയുമ്പോള്‍ കാര്യം അത്ര നിസാരമല്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും.
2004 ജുണ്‍ 15ന് നരേന്ദ്ര മോദിയെ വധിക്കാന്‍ വരുന്നു എന്നാരോപിച്ച് അഹമ്മദാബാദിന് സമീപമുള്ള കൊത്താര്‍ പൂരില്‍ വെച്ച് നാലുപേരെ ഗുജറാത്ത് പൊലിസ് വെടിവച്ച് കൊന്ന സംഭവമാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല. മുംബൈ സ്വദേശിനിയും കോളജ് വിദ്യാര്‍ഥിനിയുമായ ഇസ്രത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്ന ജാവീദ് ശൈഖ്, പാകിസ്താന്‍ സ്വദേശികളെന്ന് ആരോ പിക്കപ്പെട്ട അംജദ് അലി റാണ, സിഷാന്‍ ജൗഹര്‍ അബ്ദുല്‍ ഗനി എന്നിവരായിരുന്നു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്. ഗുജറാത്ത് പൊലിസിലെ ഒരു വിഭാഗം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ അതിനിഷ്ഠൂരമായ കൊലപാതകമായിരുന്നു അത്. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ എന്ന് ഗുജറാത്ത് പൊലിസ് പറഞ്ഞെങ്കിലും അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഇന്റലിജന്റ്‌സ് വകുപ്പ് വ്യക്തമാക്കിയതോടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് അന്ന് തന്നെ തെളിഞ്ഞു. ഈ കേസില്‍ അമിത്ഷാക്കും നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന വിവരം പുറത്ത് വരികയും ചെയ്തു. ഈ കേസില്‍ നിന്നാണ് ബെഹ്‌റ രണ്ടുപേരെയും രക്ഷിച്ചതെന്ന് മുല്ലപ്പള്ളിയെപ്പോലുള്ള കാര്യഗൗരവമുള്ള ഒരു വ്യക്തി പറയുമ്പോള്‍ അതില്‍ സത്യമില്ലാതിരിക്കുമോ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ, എന്‍.ഐ.എ അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ലോക്‌നാഥ് ബെഹ്‌റ മോദിയേയും അമിത്ഷായേയും വെള്ളപൂശിക്കൊണ്ടെഴുതിയ റിപ്പോര്‍ട്ടുകള്‍ കണ്ട് ഞങ്ങള്‍ വിസ്മയഭരിതരായിയെന്ന് മുല്ലപ്പള്ളി ഓര്‍ത്തെടുക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ബെഹ്‌റയുടെ വെള്ളപൂശല്‍ റിപ്പോര്‍ട്ട് കണ്ടുകാണും.
മുസ് ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകരെന്ന കപടനാടകം ആടുകയാണ് സി.പി.എം എന്ന ആരോപണത്തെ അരക്കിട്ട് ഉറപ്പിക്കുന്നതാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എണ്ണിയെണ്ണിനിരത്തിയ ആരോപണങ്ങള്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നയുടനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ പൊലിസ് ഉപദേശകനായി നിയമിച്ചത് രമണ്‍ ശ്രീവാസ്തവയെയായിരുന്നു. രമണ്‍ ശ്രീവാസ്തവയെക്കുറിച്ച് കേരളീയരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ല. പാലക്കാട് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഒന്‍പത് വയസുകാരി സിറാജുന്നിസ കലാപത്തിനു നേതൃത്വം നല്‍കിയെന്ന കള്ള റിപ്പോര്‍ട്ട് നല്‍കി കുപ്രസിദ്ധിയാര്‍ജിച്ച പൊലിസ് ഓഫിസറാണ് രമണ്‍ ശ്രീവാസ്തവ. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലികയായ സിറാജുന്നിസയെ നിഷ്‌ക്കരുണം വെടിവച്ച് കൊന്നിട്ടും യാതൊരു മനസ്താപവുമില്ലാതെ ക്രൂരമായ റിപ്പോര്‍ട്ടെഴുതിയ രമണ്‍ ശ്രീവാസ്തവയെ തന്നെ തിരഞ്ഞുപിടിച്ച് ഉപദേശകനാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തോടെ മാത്രമേ കാണാനാകൂ. എനിക്ക് മുസ്‌ലിം ഡെഡ് ബോഡികള്‍ വേണമെന്ന് സംഘര്‍ഷസ്ഥലത്ത് അലറിയ പൊലിസ് ഓഫിസറെ മുഖ്യ ഉപദേശകനായി കൊണ്ടുനടക്കുകയും ആര്‍.എസ്.എസില്‍ നിന്ന് മുസ് ലിംകളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നുമുള്ള ഗീര്‍വാണങ്ങള്‍ ഇടക്കിടെ പുറത്തുവിടുകയും ചെയ്യുന്ന നിലപാട് ഇനി വിലപ്പോവുമെന്ന് തോന്നുന്നില്ല. രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ പൊലിസ് ഉപദേശകനായി തുടരുന്നിടത്തോളം മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങള്‍ എങ്ങനെ തള്ളിക്കളയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."